കോട്ടയം: ബാറുകൾക്ക് ലൈസൻസ് നീട്ടിക്കൊടുത്തതിൽ അഴിമതി നടന്നെന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണം കെ.സി. വേണുഗോപാലിന്റെ പാർട്ടിയുടെ സംസ്കാരം വെച്ചാണ് പറയുന്നതെന്ന് മുഖ്യമന്ത്രി കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിന് പണം വാങ്ങുന്നുവെന്ന ആരോപണമാണല്ലോ അവിടുത്തെ പഴയ മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് ഉന്നയിച്ചത്. അദ്ദേഹം പരാതി കൊടുത്ത് ഓടിനടക്കുകയാണല്ലോ. അതാണല്ലോ കാണുന്ന കാഴ്ച. ഓരോരുത്തർക്ക് ഓരോ സംസ്കാരമുണ്ട്. യുഡിഎഫിന്റെ സംസ്കാരം വെച്ചാണ് എൽഡിഎഫിനെ കാണുന്നതും അതിനാലാണ് ഇങ്ങനെ പറഞ്ഞതും. ഇന്ന് ഇന്ത്യയിലെ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. എൽഡിഎഫ് അധികാരത്തിലുള്ളതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. എൽഡിഎഫിന്റെ സംസ്കാരം ആണ് അതിന് പ്രധാനം.
അതുകൊണ്ടുതന്നെ അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച് വരികയാണ്. അഴിമതി തീരെ ഇല്ലാത്ത സംസ്ഥാനം എന്ന പദവിക്ക് വേണ്ടിയാണ് ശ്രമിക്കുന്നത്. അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന നേട്ടം ഉണ്ടായത് എൽഡിഎഫ് അധികാരത്തിലുണ്ടായതുകൊണ്ടാണെന്ന് ജനങ്ങൾ കാണുന്നു. ജനങ്ങളുടെ മുന്നിൽ ആരോപണം ഉന്നയിച്ച് സ്വയം പരിഹാസ്യരാകുക എന്നതുമാത്രമേ നടക്കൂ. നിങ്ങളെക്കുറിച്ചെല്ലാം വരുന്ന വാർത്തകൾ ജനങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്.” – മുഖ്യമന്ത്രി പറഞ്ഞു. ആരുടെ ആത്മവിശ്വാസമാണ് ശരി എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോഴറിയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
