പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഐപിഎൽ താരം യാഷ് ദയാലിന് ജയ്പൂർ പ്രത്യേക പോക്സോ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. പെൺകുട്ടി ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതരമാണെന്നും അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ പ്രതിക്ക് സംരക്ഷണം നൽകുന്നത് ഉചിതമല്ലെന്നും ജഡ്ജി അൽക്ക ബൻസാൽ നിരീക്ഷിച്ചു. പെൺകുട്ടിയുടെ മൊഴിയും ലഭ്യമായ തെളിവുകളും പരിശോധിക്കുമ്പോൾ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. ആർസിബി (RCB) പേസറായ യാഷ് ദയാലിന് കോടതി വിധി കരിയറിൽ വലിയ തിരിച്ചടിയായിരിക്കുകയാണ്.
ക്രിക്കറ്റ് കരിയർ വളർത്താൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി താരം ദീർഘകാലമായി ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് ജയ്പൂർ സ്വദേശിയായ പെൺകുട്ടിയുടെ പരാതി. വലിയ സ്വാധീനമുള്ള താരമാണെന്ന് സ്വയം പരിചയപ്പെടുത്തി പെൺകുട്ടിയെ സ്വാധീനിച്ചതായും പരാതിയിൽ പറയുന്നു. പീഡനം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ താരം ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി ആരോപിക്കുന്നു. പ്രശസ്തനായ ക്രിക്കറ്റ് താരമെന്ന നിലയിൽ സമൂഹത്തോട് വലിയ ഉത്തരവാദിത്തമുണ്ടെന്നും പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ ലൈംഗിക കാര്യങ്ങളിൽ സമ്മതത്തിന് നിയമപരമായ പ്രസക്തിയില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നു എന്നുമാണ് യാഷ് ദയാലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ തയ്യാറാണെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ജാമ്യാപേക്ഷ തള്ളിയതോടെ താരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളുമായി പോലീസ് മുന്നോട്ട് പോവുകയാണ്.
