Home » Blog » Kerala » യാത്രക്കാർക്ക് തിരിച്ചടി; യാത്രാ നിരക്ക് വർധിപ്പിച്ച് റെയിൽവേ, പുതിയ മാറ്റങ്ങൾ ക്രിസ്മസ് കഴിഞ്ഞ്
trains-680x450

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കിടെ ട്രെയിൻ യാത്രക്കാരെ ആശങ്കയിലാഴ്ത്തി റെയിൽവേ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ദീർഘദൂര യാത്രക്കാരെയാണ് പുതിയ തീരുമാനം പ്രധാനമായും ബാധിക്കുക. 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്കാണ് നിരക്ക് വർധന ഏർപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽ മന്ത്രാലയം അറിയിച്ചു. റെയിൽവേയുടെ പ്രതിവർഷ വരുമാനം 600 കോടി രൂപയായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്.

പുതുക്കിയ നിരക്ക് പ്രകാരം നോൺ-എസി കോച്ചുകളിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കുന്നവർ ടിക്കറ്റ് ഒന്നിന് 10 രൂപ അധികമായി നൽകണം. ഓർഡിനറി ക്ലാസുകളിലെ യാത്രാ നിരക്കിൽ കിലോമീറ്ററിന് 1 പൈസയുടെയും എസി ക്ലാസുകളിൽ 2 പൈസയുടെയും വർധനവാണ് വരുത്തിയിരിക്കുന്നത്. എന്നാൽ ഹ്രസ്വദൂര യാത്രക്കാർക്ക് ആശ്വാസമായി 215 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് നിരക്ക് വർധന ബാധകമാകില്ല. കൂടാതെ സാധാരണക്കാരായ ലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സബർബൻ ട്രെയിനുകളുടെ നിരക്കിലും മാറ്റം വരുത്തിയിട്ടില്ല.

വർഷങ്ങളായി ചെലവ് വർധിച്ചിട്ടും 2018-ന് ശേഷം ടിക്കറ്റ് നിരക്കുകൾ പരിഷ്കരിച്ചിരുന്നില്ലെന്ന് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇൻപുട്ട് ചെലവുകളിലുണ്ടായ വർധനവ് നേരിടാനാണ് പുതിയ നീക്കം. ഡിസംബർ 26 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ പുതിയ നിരക്ക് നൽകേണ്ടി വരും. ഇതോടെ ദീർഘദൂര ട്രെയിൻ യാത്രകൾക്ക് ഇനി മുതൽ കൂടുതൽ പണം ചെലവാക്കേണ്ടി വരുമെന്ന് ഉറപ്പായി.