ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനങ്ങൾ ആവർത്തിച്ചു. വോട്ട് കൊള്ളയിലൂടെയാണ് മോദി പ്രധാനമന്ത്രിയായതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഈ വസ്തുത യുവതലമുറയായ ‘ജെൻ സികൾക്ക്’ മുന്നിൽ തുറന്നുകാണിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
തങ്ങളുടെ കൈവശം ധാരാളം തെളിവുകൾ ഉണ്ടെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. “തിരഞ്ഞെടുപ്പ് കൊള്ള നടത്തിയും തിരഞ്ഞെടുപ്പ് പ്രക്രിയയെ അപ്പാടെ മോഷ്ടിച്ചും അട്ടിമറിച്ചുമാണ് മോദി പ്രധാനമന്ത്രിയായത്” എന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി. തിരഞ്ഞെടുപ്പിൻ്റെ മറവിൽ വോട്ടുകൾ മോഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം ഇന്ത്യയിലെ ‘ജെൻ സി’ മനസ്സിലാക്കി കൊടുക്കും, അതിൽ സംശയം വേണ്ട എന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് തെളിവ് സഹിതം കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. താൻ ഉന്നയിച്ച കാര്യങ്ങളൊന്നും കമ്മീഷൻ നിഷേധിക്കുന്നില്ല. എന്നാൽ, ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മീഷനെ നിരന്തരം സംരക്ഷിക്കുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. വ്യാജ വോട്ടുകൾ, വ്യാജ ഫോട്ടോകൾ എന്നിവയെ ബി.ജെ.പി. ന്യായീകരിക്കുകയും കമ്മീഷനെ സംരക്ഷിക്കുകയും ചെയ്യുകയാണ്. പ്രധാനമന്ത്രി മോദിയും അമിത് ഷായും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഭരണഘടനയെ ആക്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
