കൊച്ചി: കുംഭമേളയിലൂടെ വൈറലായ താരം മൊണാലിസ ഭോസ്‌ലെയ്ക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി വീണ്ടും ഉത്തരവിട്ടു. മൊണാലിസ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവ്. പാലാരിവട്ടം പൊലീസിനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ, പാലാരിവട്ടം പൊലീസിനെ കോടതി സ്വമേധയാ ഹർജിയിൽ കക്ഷി ചേർക്കുകയും ചെയ്തു.
മൊണാലിസയ്ക്ക് നൽകിയിരുന്ന പൊലീസ് സംരക്ഷണം നേരത്തെ ഹൈക്കോടതി പിൻവലിച്ചിരുന്നു. എന്നാൽ, നിലവിൽ മൊണാലിസയുടെ സംരക്ഷണത്തിനായി ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നിയോഗിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മൊണാലിസ ഭോസ്‌ലെ നൽകിയ ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
Also Read:ട്രാഫിക് നിയമലംഘനം! ‘എ.ഐ ക്യാമറ പരിശോധനയും പിഴയും തുടരും; മന്ത്രി സി.പി. ജോൺ
മഹാകുംഭമേളയിൽ രുദ്രാക്ഷമാലകൾ വിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മൊണാലിസ ഭോസ്‌ലെ ദേശീയ ശ്രദ്ധ നേടിയത്. തുടർന്ന് സിനിമാ താരമായി മാറിയ മൊണാലിസ, ഫർമാൻ ഖാനുമായി പ്രണയത്തിലാവുകയായിരുന്നു. ഒരു സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ സമയത്ത് 2026 മാർച്ചിലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ വിവാഹത്തിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബം എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു.
മൊണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് ഭർത്താവ് മുഹമ്മദ് ഫർമാനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷയെ മധ്യപ്രദേശ് ഹൈക്കോടതി നേരത്തെ എതിർത്തിരുന്നു. പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് നേടാൻ രേഖകൾ തിരുത്തിയെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ വാദം.
