ലോകകപ്പ് പോരാട്ടങ്ങൾക്കൊരുങ്ങുന്ന അർജന്റീനയ്ക്കും ആരാധകർക്കും ആവേശം പകർന്ന് ലയണൽ മെസിയുടെ ഗംഭീര തിരിച്ചുവരവ്. പേശികളിലെ അസ്വസ്ഥതയെത്തുടർന്ന് വിശ്രമത്തിലായിരുന്ന മെസി, ഐസ്‌ലൻഡിനെതിരായ സൗഹൃദ മത്സരത്തിൽ പകരക്കാരനായി കളത്തിലിറങ്ങി ഗോൾ നേടി. അമേരിക്കയിലെ ജോർദാൻ-ഹെയർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്.
കളി തുടങ്ങി എട്ടാം മിനിറ്റിൽ എസെക്വൽ ബാർകോയിലൂടെയാണ് അർജന്റീന സ്കോറിങ് തുടങ്ങിയത്. രണ്ടാം പകുതിയുടെ 70-ാം മിനിറ്റിലാണ് മെസി മൈതാനത്തെത്തിയത്. അധികം വൈകാതെ ലഭിച്ച പെനാൽറ്റി ഗോളാക്കി മെസി തന്റെ തിരിച്ചുവരവ് ആഘോഷിച്ചു. അർജന്റീന ജേഴ്സിയിൽ മെസിയുടെ 117-ാമത്തെയും കരിയറിലെ 911-ാമത്തെയും ഗോളാണിത്. തുടർന്ന് തിയാഗോ അൽമാഡ കൂടി വലകുലുക്കിയതോടെ നിലവിലെ ചാമ്പ്യന്മാരുടെ വിജയം പൂർത്തിയായി.
നേരത്തെ, ഇന്റർ മയാമിയുടെ മത്സരത്തിനിടെ പേശിവലിവ് അനുഭവപ്പെട്ട മെസിക്ക് പിന്മാറേണ്ടി വന്നിരുന്നു. ഇതേത്തുടർന്ന് ഹോണ്ടുറാസിനെതിരായ കഴിഞ്ഞ മത്സരത്തിൽ മെസി കളിച്ചിരുന്നില്ല. താരങ്ങളുടെ ഫിറ്റ്‌നസിന് മുൻഗണന നൽകുന്നതിന്റെ ഭാഗമായി കോച്ച് ലയണൽ സ്കലോണി മെസിക്ക് വേണ്ടത്ര വിശ്രമം നൽകുകയായിരുന്നു. പരിക്കിനെക്കുറിച്ചുള്ള ആശങ്കകൾ അസ്ഥാനത്താക്കുന്നതായിരുന്നു മെസിയുടെ പ്രകടനം. ലോകകപ്പ് കിരീടം നിലനിർത്താൻ തയ്യാറെടുക്കുന്ന അർജന്റീനയ്ക്ക് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. സൗഹൃദ മത്സരങ്ങളിലെ തുടർച്ചയായ രണ്ടാം ജയത്തോടെയാണ് ടീം ലോകകപ്പിലേക്ക് കടക്കുന്നത്. ജൂൺ 16-ന് അൾജീരിയയ്‌ക്കെതിരെയാണ് ലോകകപ്പിൽ അർജന്റീനയുടെ ആദ്യ മത്സരം.
