Home » Blog » Cinema » മെറ്റ പുരസ്‌കാര നിറവിൽ മലയാള നാടകങ്ങൾ
11

കൊച്ചി : മഹീന്ദ്ര എക്സലന്‍സ് ഇന്‍ തിയേറ്റര്‍ അവാര്‍ഡുകളുടെ 21ാമത് പതിപ്പില്‍ മലയാള നാടകങ്ങള്‍ക്ക് പുരസ്‌ക്കാരം. മലയാള നാടകം ‘ധോമി കിത കിത ധോമി’ മികച്ച ഒറിജിനല്‍ സക്രിപ്റ്റിനുള്ള അവാര്‍ഡ് നേടി. പാലക്കാട് അത്ലറ്റ് കായിക നാടകവേദി അവതരിപ്പിച്ച നാടകം സംവിധാനം ചെയ്തത് ഒ.ടി ഷാജഹാനാണ്. മികച്ച കോറിയോഗ്രാഫിക്കുള്ള അവാര്‍ഡും ധോമി കിത കിത ധോമിക്കാണ്. കേരള കലാമണ്ഡലം അവതരിപ്പിച്ച ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ – കഥകളി ഓഫ് മോറോ എന്ന നാടകത്തില്‍ അഭിനയിച്ച മരിയോ ബര്‍സാഗിക്കാണ് മികച്ച നടനുള്ള അവാര്‍ഡ്. കൊല്ലം ഇന്റര്‍ലിങ്ക് തിയേറ്റര്‍ അവതരിപ്പിച്ച വൈ- വാട്ട് റെഫ്യൂസസ് ടു ഫേഡ് എന്ന നാടകത്തിന്റെ ലൈറ്റ് ഡിസൈന്‍ ചെയ്ത സന്ദീപ് യാദവിനാണ് മികച്ച ലൈറ്റ് ഡിസൈനിങ്ങിനുള്ള അവാര്‍ഡ്. ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ – കഥകളി ഓഫ് മോറോ എന്ന നാടകം ജൂറിയുടെ പ്രത്യേക പരാമര്‍ശനത്തിനും അര്‍ഹമായി.

മുംബൈ ഉജാഗര്‍ ഡ്രമാറ്റിക് അസോസിയേഷന്‍ ആന്‍ഡ് വേദ് സത്പതി അവതരിപ്പിച്ച മിത്യാസുറാണ് മികച്ച നാടകം. ബംഗാളി നാടകമായ ജെ ജാന്‍ലഗുലോര്‍ ആകാശ് ചിലോ സംവിധാനം ചെയ്യ്ത സൗരവ് പലോധിക്കാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ്. ന്യൂഡെല്‍ഹിയിലെ കമാനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംവിധായകനും നടനുമായ അമോല്‍ പലേക്കറിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി. മാര്‍ച്ച് 19 മുതല്‍ 25 വരെ കമാനി ഓഡിറ്റോറിയത്തിലും ശ്രീറാം സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സിലുമായാണ് 422 നാടകങ്ങളില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യ്ത 10 നാടകങ്ങള്‍ അവതരിപ്പിച്ചത്. 13 വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കിയത്.