Home » Blog » Kerala » മൃഗങ്ങളെ ഓൺലൈനായി വാങ്ങാം, വിൽക്കാം; ഒറ്റ ക്ലിക്കിൽ പശുവും ആടും വീട്ടിലെത്തും
farm-680x450 (1)

കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളുടെ വിപണനം ഇനി വിരൽത്തുമ്പിലാകുന്നു. കേരളാ ലൈവ് സ്റ്റോക്ക് ഡിവലപ്മെന്റ് ബോർഡിന്റെ നേതൃത്വത്തിൽ മൃഗങ്ങളെ ഓൺലൈനായി വാങ്ങാനും വിൽക്കാനും സഹായിക്കുന്ന ‘ലാപ് ടോപ്പ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വരുന്നു. കർഷകർക്ക് ഇടനിലക്കാരില്ലാതെ അർഹമായ വില ലഭിക്കാനും വിപണിയിൽ സുതാര്യത ഉറപ്പാക്കാനുമാണ് ഈ നൂതന സംവിധാനം ലക്ഷ്യമിടുന്നത്.

സുതാര്യമായ ഇടപാടുകൾ; നിർമിതബുദ്ധി കാവൽ

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഈ ആപ്പ് വെബ് പതിപ്പായും ആൻഡ്രോയ്ഡ് ആപ്ലിക്കേഷനായും ലഭ്യമാകും. നിരോധിത പട്ടികയിലുള്ള മൃഗങ്ങളുടെയോ പക്ഷികളുടെയോ വ്യാപാരം തടയാൻ കർശനമായ നിയന്ത്രണങ്ങൾ ഇതിലുണ്ട്. ഓരോ ലിസ്റ്റിങ്ങും അഡ്മിൻ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ പൊതുജനങ്ങൾക്ക് ലഭ്യമാക്കൂ. നിർമിതബുദ്ധി ഉപയോഗിച്ചുള്ള നിരീക്ഷണവും വിവിധ ഭാഷകളിലുള്ള പിന്തുണയും ഈ ആപ്പിന്റെ പ്രത്യേകതയാണ്. പാലക്കാട് കേന്ദ്രമായുള്ള ‘അമിഗോസിയ’ എന്ന സ്റ്റാർട്ടപ്പാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഒറ്റക്ലിക്കിൽ എല്ലാ വിവരങ്ങളും

വിൽക്കാനുള്ള മൃഗങ്ങളുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും പുറമെ, അവയുടെ ഇനം, ആരോഗ്യ സർട്ടിഫിക്കറ്റ്, പ്രതിരോധ കുത്തിവെപ്പുകൾ, ഇൻഷുറൻസ് വിവരങ്ങൾ എന്നിവയും ആപ്പിൽ രേഖപ്പെടുത്താം. വാങ്ങുന്നവർക്ക് ലോഗിൻ ചെയ്ത് ഈ വിവരങ്ങളെല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെടാം. മൃഗങ്ങൾക്ക് പുറമെ തീറ്റ, പരിപാലന ഉപകരണങ്ങൾ എന്നിവയും ഇതിലൂടെ വിൽക്കാനാകും. എല്ലാ ഇടപാടുകളും ഡിജിറ്റൽ രേഖകളായി സൂക്ഷിക്കാമെന്നത് ഭാവിയിൽ കർഷകർക്ക് ഏറെ ഗുണകരമാകും