Home » Blog » kerala Max » മുസ്ലിം ലീഗിനെ വിമർശിച്ച് അനിൽകുമാർ, തിരിച്ചടിച്ച് കുഞ്ഞാലിക്കുട്ടി! മന്ത്രിസഭായോഗത്തിലും മുന്നണിപ്പോര്
PKKUN

തിരുവനന്തപുരം: സർക്കാർ തീരുമാനങ്ങൾ ചർച്ച ചെയ്യേണ്ട മന്ത്രിസഭായോഗം മുന്നണിയിലെ രാഷ്ട്രീയ തർക്കങ്ങൾക്കും വേദിയായി. ലീഗിനോടുള്ള മുഖ്യമന്ത്രിയുടെ സമീപനവും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ സർക്കാർ വിമർശനവുമാണ് യോഗത്തിൽ ചർച്ചയായത്. കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിന്റെ പ്രതിഫലനങ്ങളും മന്ത്രിസഭായോഗത്തിൽ പ്രകടമായി. ഘടകകക്ഷികളെ ഉപയോഗിച്ച് വി.ഡി. സതീശൻ അധികാരം ഉറപ്പിക്കാൻ ശ്രമിക്കുന്നുവെന്ന കെ.സി. വേണുഗോപാൽ വിഭാഗത്തിന്റെ അതൃപ്തിയാണ് ചർച്ചകൾക്ക് പിന്നിലെന്നാണ് സൂചന.

ചിലരുമായി മാത്രം സംസാരിച്ച് തീരുമാനങ്ങളെടുക്കുന്ന രീതി ശരിയല്ലെന്ന എ.പി. അനിൽകുമാറിന്റെ പരാമർശമാണ് ലീഗ് നേതാക്കളെ പ്രകോപിപ്പിച്ചത്. ഇത്തരം കാര്യങ്ങളിലേക്ക് അനിൽകുമാർ കടക്കേണ്ടതില്ലെന്നും ലീഗിനോടുള്ള പല സമീപനങ്ങളും എല്ലാവർക്കും അറിയാമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു. ഇന്ത്യാ സഖ്യത്തിന്റെ സമരത്തിൽ പോലും ലീഗിനെ പരിഗണിച്ച രീതിയും കുഞ്ഞാലിക്കുട്ടി പരോക്ഷമായി ഓർമിപ്പിച്ചു. അതേസമയം, ആറുമാസമായിട്ടും യു.ഡി.എഫ് യോഗം ചേരാത്തതിനെ സി.പി. ജോണും വിമർശിച്ചു. മുന്നണിയെ ഒന്നിപ്പിക്കേണ്ട കൺവീനർ തന്നെ സർക്കാരിനെതിരായ വിമർശനങ്ങളുടെ മുൻനിരയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രിസഭായോഗത്തിലെ തർക്കങ്ങൾക്കിടെ കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും രംഗത്തെത്തി. ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്ന രീതിയല്ല കോൺഗ്രസിന്റേതെന്നും അത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്. മന്ത്രിസഭായോഗത്തിൽ എതിർപ്പുകൾ ഉയർന്നത് സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *