തിരുവനന്തപുരം: കെ റെയിൽ പദ്ധതി റദ്ദാക്കിയ യുഡിഎഫ് സർക്കാർ നടപടിക്കെതിരെ സിപിഎം നേതാവ് ഇ.പി.ജയരാജൻ. കെ-റെയിൽ ഉപേക്ഷിക്കാൻ മന്ത്രിസഭ എടുത്ത തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണ്. ഇത്തരത്തിൽ വികസനമുരടിപ്പ് നാടിനെ വീണ്ടും പുറകോട്ട് നയിക്കുകയേയുള്ളൂവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇ.പി.ജയരാജൻ പറഞ്ഞു.
ദയവുചെയ്ത് നാഷണൽ ഹൈവേ 66 ഉം ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയും മെട്രോ പദ്ധതിയും ഒന്നും ഉപേക്ഷിക്കരുതെന്നും ജയരാജൻ ആവശ്യപ്പെട്ടു. ‘പദ്ധതികൾ നിർത്തലാക്കുന്നതിന് പകരം ആവശ്യമായ ഭേദഗതികൾ വരുത്തി മുന്നോട്ട് പോകും’ എന്ന് പറഞ്ഞ മുഖ്യമന്ത്രി പറഞ്ഞതിൽ നിന്ന് യു- ടേൺ അടിക്കുന്നത് സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഉതകുന്നതല്ലെന്നും ജയരാജൻ പറയുന്നു.
ഇ.പി.ജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. വി. ഡി സതീശനോട് ഒരു കാര്യം മാത്രമേ പറയാനൊള്ളു. ദയവുചെയ്ത് നാഷണൽ ഹൈവേ 66 ഉം ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയും മെട്രോ പദ്ധതിയും ഒന്നും ഉപേക്ഷിക്കരുത്, വിഴിഞ്ഞം പോർട്ടും അവസാനിപ്പിക്കരുത് എന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുകയാണ്. കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന പദ്ധതിയാണ് കെ-റെയിൽ. കെ-റെയിൽ ഉപേക്ഷിക്കാൻ മന്ത്രിസഭ എടുത്ത തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണ്. ഇത്തരത്തിൽ വികസനമുരടിപ്പ് നാടിനെ വീണ്ടും പുറകോട്ട് നയിക്കാനേ ഉപകരിക്കൂ. പദ്ധതികൾ നിർത്തലാക്കുന്നതിന് പകരം ആവശ്യമായ ഭേദഗതികൾ വരുത്തി മുന്നോട്ട് പോകും എന്ന് പറഞ്ഞ മുഖ്യമന്ത്രി പറഞ്ഞതിൽ നിന്ന് യു- ടേൺ അടിക്കുന്നത് സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഉതകുന്നതല്ല.
