Chief Minister Pinarayi Vijayan 2023
രണ്ട് ദിവസത്തെ സന്ദർശനത്തിന് കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്തിൽ ഊഷ്മള സ്വീകരണം. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹാദ് യൂസഫ് സൗദ് അൽ-സബാഹ് മുഖ്യമന്ത്രിയെ അൽ ബയാൻ പാലസിൽ സ്വീകരിച്ചു. കുവൈത്ത് ധനകാര്യ മന്ത്രിയും കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിട്ടി ചെയർമാനുമായ ഡോ: സബീഹ് അൽ മുഖൈസിമും സന്നിഹിതനായിരുന്നു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ച് കൂടിക്കാഴ്ചയിൽ പരാമർശിച്ചു. കുവൈത്തിന്റെ പുനർനിർമ്മാണത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം നൽകിവരുന്ന സേവനങ്ങളെ ശൈഖ് ഫഹാദ് ശ്ലാഘിച്ചു. കേരളീയ സമൂഹത്തിന് കുവൈത്ത് ഭരണകൂടം നൽകിവരുന്ന സഹകരണത്തിനും പിന്തുണക്കും ശൈഖ് ഫഹാദിനോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു. കേരളത്തിലെ വിവിധ മേഖലകളിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. ചീഫ് സെക്രട്ടറി ഡോ: എ. ജയതിലക്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരും കൂടിക്കാഴ്ചകളിൽ സംബന്ധിച്ചു.
കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിട്ടി ഡയറക്ടർ ബോർഡ് അംഗം ശൈഖ് മിഷാൽ ജാബർ അൽ അഹ്മദ് അൽ സബാഹുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾക്കായി കുവൈത്തിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം കേരളം സന്ദർശിക്കുമെന്ന് ശൈഖ് മിഷാൽ മുഖ്യമന്ത്രിയെ അറിയിച്ചു. നേരത്തെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ എംബസി പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും, മലയാളം മിഷൻ, കല കുവൈറ്റ് ഭാരവാഹികളും ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 7 മണിക്ക് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി കുവൈത്തിലെ മലയാളികളെ അഭിസംബോധന ചെയ്യും.
