ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തെറ്റില്ലെന്ന് കെ. സുധാകരന്‍ എം.പി. ചര്‍ച്ച നടക്കട്ടെ, അതിന് എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ എം.കെ രാഘവന്‍ വിമര്‍ശനമുന്നയിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സുധാകരന്‍ പറഞ്ഞു.
“മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. ജനാധിപത്യ സംവിധാനത്തില്‍ എല്ലാവര്‍ക്കും ചര്‍ച്ച നടത്താം. അതില്‍ ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായമുണ്ട്. മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള ചര്‍ച്ച ഗുണകരമല്ലെന്ന എം.കെ രാഘവന്റെ അഭിപ്രായം വ്യക്തിപരമാണ്. അതിനോട് പ്രതികരിക്കാനില്ല. ഫലം വരുന്നതിന് മുമ്പുള്ള ചര്‍ച്ചകള്‍ ദോഷം ചെയ്യില്ല. എം.പിമാര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കാതിരിക്കാന്‍ ഹൈക്കമാന്‍ഡിന് മേല്‍ സമ്മര്‍ദം ഉണ്ടായിട്ടില്ല. എം.പിമാര്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എംപിമാരെ മത്സരിപ്പിക്കാതിരിക്കാന്‍ ഇടപെടല്‍ നടത്തിയതായി എനിക്കറിയില്ല. എം.കെ രാഘവന്‍ പറഞ്ഞ കാര്യങ്ങളില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണം. മുഖ്യമന്ത്രി പദവിയില്‍ തീരുമാനമാകുന്നതു വരെ ചര്‍ച്ച നടക്കും. കോണ്‍ഗ്രസിന്റെ രീതി ഇതുതന്നെയാണ്. അത് പുതുമയുള്ള കാര്യമല്ല.” -സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കെതിരെ ഇന്ന് എം.കെ രാഘവന്‍ എം.പി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത്തരം ചര്‍ച്ചകള്‍ സജീവമായി നിലനില്‍ക്കുന്നതും നേതാക്കള്‍ പരസ്പരം പൊട്ടിത്തെറിക്കുന്നതും പാര്‍ട്ടിയുടെ നിലവിലെ സാഹചര്യത്തില്‍ ഒട്ടും ഗുണകരമല്ലെന്നായിരുന്നു എം.കെ രാഘവന്റെ അഭിപ്രായം.
