Home » Blog » Kerala » മാര്‍പ്പാപ്പക്കെതിരായ പരാമര്‍ശത്തില്‍ പിന്തുണച്ചില്ല; ഇറ്റാലിയന്‍ പ്രധാനമന്ത്രിയെ വിമർശിച്ച് ട്രംപ്
21

വാഷിങ്ടണ്‍: മാര്‍പ്പാപ്പക്കെതിരായ പരാമര്‍ശത്തില്‍ യുഎസിന് പിന്തുണ പ്രഖ്യാപിക്കാത്തതിനെ ചൊല്ലി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെലോണി ധൈര്യമുള്ളവളെന്നാണ് ആദ്യം കരുതിയതെന്നും അക്കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്നും ട്രംപ് പറഞ്ഞു. മാര്‍പ്പാപ്പക്കെതിരായ ട്രംപിന്റെ പരാമര്‍ശത്തെ മെലോണി നേരത്തെ വിമര്‍ശിച്ചിരുന്നു. ട്രംപിന്റെ കടന്നാക്രമണത്തില്‍ മെലോണി ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല.

ഇറാന്‍ സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കാത്ത രാജ്യങ്ങളുമായി മുന്‍പുണ്ടായിരുന്ന ബന്ധം തുടരുകയില്ലെന്നും ട്രംപ് വ്യക്തമാക്കി. കൊറിയര്‍ ഡെല്ല സെറ എന്ന ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. “ഇറാന്‍ സാഹചര്യത്തില്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കാതിരുന്ന രാജ്യങ്ങളുണ്ട്. തങ്ങളുടെ നീക്കങ്ങളെ വിമര്‍ശിച്ചവരുണ്ട്. അവരുമായുള്ള ബന്ധം മുന്‍പുണ്ടായിരുന്നത് പോലെ നിലനിര്‍ത്താന്‍ ഉദ്ദേശ്യമില്ല. ഇറ്റലിയടക്കമുള്ള രാജ്യങ്ങളോട് ഇനി പഴയപടി ആയിരിക്കില്ല.” – ട്രംപ് പറഞ്ഞു.

പശ്ചിമേഷ്യന്‍ യുദ്ധം ലോകരാജ്യങ്ങളെ ഒന്നടങ്കം പ്രയാസപ്പെടുത്തുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ട്രംപിനോട് മുഖംതിരിയുന്നത് ഇറ്റലിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഭൗമരാഷ്ട്ര വിദഗ്ധര്‍. റഫണ്ടര്‍ പ്രതിസന്ധിക്ക് പിന്നാലെ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായിരിക്കുന്ന രാജ്യത്തിലും മെലോണിക്കും ട്രംപിന്റെ ആക്രമണങ്ങള്‍ ഗുണം ചെയ്യുമെന്നും നിരീക്ഷണമുണ്ട്. ഇറ്റലിയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളെ അപകടകരമായ സാഹചര്യങ്ങളിലേക്ക് കൊണ്ടെത്തിക്കുകയാണ് ട്രംപെന്നും നിലവിലെ സാഹചര്യം ദൈവനിയോഗമാണെന്നും യൂറോപ്യന്‍ ഇന്റര്‍നാഷണല്‍ അഫേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപനത്തിലെ പ്രൊഫസര്‍ നഥാലി ടോചി പ്രതികരിച്ചു.