images (66)

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ വിതരണം ചെയ്തു. മാപ്പിള പാട്ടുകളും സാഹിത്യങ്ങളും കേരളത്തിന്റെ മതനിരപേക്ഷതയാണ് ബോധ്യപ്പെടുത്തുന്നതെന്നും അതിന്റെ പ്രാധാന്യം കണക്കിലെടുത്ത് മാപ്പിള കലകളുടെയും സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും സംരക്ഷണത്തിന് സര്‍ക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ഹംസാ ഖാന്‍ പുല്ലങ്കോട്, എം.കെ ജയഭാരതി, എം.ഒ. നജീമ ഹസ്സന്‍, വെള്ളയില്‍ അബൂബക്കര്‍, അലി കണ്ണോത്ത്, ആവിയില്‍ മജീദ്, കോയക്കുരുക്കള്‍ പന്നിയങ്കര, വി.കെ. ബഷീര്‍, മണ്ണാരില്‍ കുഞ്ഞാലിന്‍ ഹാജി, കാജാ ഹുസൈന്‍ പാലക്കാട്, കുഞ്ഞാലന്‍ കിഴിശ്ശേരി, അഹമ്മദ് കുട്ടി മൗലവി മാവണ്ടിയൂര്‍, ഡോ.എം. മുല്ലക്കോയ ലക്ഷദ്വീപ് എന്നിവരെയാണ് ആദരിച്ചത്. മാപ്പിളപ്പാട്ട് രചന, സംഗീതം, കോല്‍ക്കളി, ഒപ്പന, അറബി മലയാളം കയ്യെഴുത്ത് തുടങ്ങിയ വിവിധയിനം വിഷയങ്ങളില്‍ മികവുതെളിയിച്ചവരെയാണ് അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചത്. വി.ടി. മുരളി ഡോ. സലിം എടരിക്കോട്, ഡോ. കെ.കെ. മുഹമ്മദ് സത്താര്‍ എന്നിവടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ പ്രാദേശിക കലാകാരന്മാര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എ.പി. നസീമ, ടി.കെ. ഹംസ, ഫൈസല്‍ എളേറ്റില്‍, പുലിക്കോട്ടില്‍ ഹൈദര്‍ അലി, അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, ഫൈസല്‍ കന്മനം, ഫിറോസ്ബാബു, ലക്ഷ്മണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫിറോസ് ബാബു നയിച്ച ഇശല്‍ കേരളം എന്ന കലാവിരുന്നും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *