ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ രണ്ട് പ്രമുഖ സംരംഭങ്ങളായ സ്പേസ് എക്സും എക്സ് എഐയും ഔദ്യോഗികമായി ലയിച്ചു. ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഭാഗമായി ഇനി മുതൽ എക്സ് എഐയും പ്രവർത്തിക്കും. നേരത്തെ ട്വിറ്റർ എക്സ് എഐയിൽ ലയിച്ചിരുന്നു. ഇതോടെ ആഗോള പ്രസക്തിയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമും അത്യാധുനിക എഐ സാങ്കേതികവിദ്യയും ബഹിരാകാശ പര്യവേക്ഷണ സൗകര്യങ്ങളും ഒരൊറ്റ കുടക്കീഴിലായിരിക്കുകയാണ്. മനുഷ്യവംശത്തെ പുരോഗതിയുടെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താനുള്ള സുപ്രധാന നീക്കമാണിതെന്ന് മസ്ക് അവകാശപ്പെട്ടു.
ലയനത്തിന് പിന്നാലെ ബഹിരാകാശത്ത് വമ്പൻ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും മസ്ക് നടത്തി. സ്പേസ് എക്സിന്റെ റോക്കറ്റുകൾ ഉപയോഗിച്ച് എക്സ് എഐയുടെ പ്രവർത്തനങ്ങൾക്കായി ബഹിരാകാശത്ത് ഈ സൗകര്യങ്ങൾ ഒരുക്കാനാണ് നീക്കം. ഭൂമിയിൽ ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കുമ്പോൾ നേരിടുന്ന പരിമിതികൾ മറികടക്കാൻ ബഹിരാകാശത്തെ സൂര്യപ്രകാശത്തിൽ നിന്നുള്ള നേരിട്ടുള്ള ഊർജ്ജോത്പാദനം സഹായിക്കുമെന്ന് അദ്ദേഹം കരുതുന്നു. എന്നാൽ ശൂന്യാകാശത്തെ കടുത്ത താപനില നിയന്ത്രിക്കുന്നതും അറ്റകുറ്റപ്പണികൾ നടത്തുന്നതും അടക്കമുള്ള സാങ്കേതിക വെല്ലുവിളികൾ ഇതിന് തടസ്സമാകുമോ എന്ന് ശാസ്ത്രലോകം ഉറ്റുനോക്കുന്നു.
സ്പേസ് എക്സിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾക്കിടെയാണ് ഈ ലയനം എന്നത് ശ്രദ്ധേയമാണ്. പുതിയ കമ്പനിക്ക് ഏകദേശം ഒന്നര ട്രില്യൺ ഡോളറിന് മുകളിൽ മൂല്യമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. നഷ്ടത്തിലോടുന്ന എക്സിന്റെ (ട്വിറ്റർ) സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ ഇത്തരം ലയനങ്ങളിലൂടെ സാധിക്കുമെന്ന മസ്കിന്റെ ബിസിനസ് തന്ത്രമായും ഇതിനെ വിലയിരുത്തുന്നുണ്ട്. മസ്കിന്റെ തന്നെ വാഹന നിർമ്മാണ കമ്പനിയായ ടെസ്ലയ്ക്കും പുതിയ കമ്പനിയിൽ ഓഹരി പങ്കാളിത്തമുണ്ടാകുമെന്നാണ് സൂചനകൾ.
