Home » Blog » Kerala » മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ പ്രാദേശികമായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി സജി ചെറിയാന്‍
images - 2026-02-19T184242.385

ഇടുക്കിയിലെ നിര്‍ദ്ദിഷ്ട മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ വിനോദസഞ്ചാരികള്‍ക്കും പ്രാദേശിക നിവാസികള്‍ക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ഒരു കള്‍ച്ചറല്‍ ഹബ്ബായി മാറുമെന്നും പ്രാദേശികമായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍. ചെറുതോണി ആലിന്‍ചുവട് ഭാഗത്ത് നിര്‍മ്മിക്കുന്ന മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ കോംപ്ലക്‌സിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇടുക്കിയുടെ മണ്ണില്‍ കലയ്ക്കും സാംസ്‌കാരിക വിനിമയങ്ങള്‍ക്കും പദ്ധതി ഒരു പുത്തന്‍ ഉണര്‍വ് നല്‍കും. മള്‍ട്ടിപ്ലക്‌സ് കൂടി വരുമ്പോള്‍ ഇടുക്കിയുടെ മുഖച്ഛായ തന്നെ മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ആര്‍ച്ച് ഡാം സന്ദര്‍ശിക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വൈകുന്നേരങ്ങളില്‍ സമയം ചെലവഴിക്കാന്‍ പറ്റിയ മികച്ച ഒരിടമായി ഇത് മാറും. ടിക്കറ്റ് വരുമാനത്തിനു പുറമെ ഭക്ഷണശാലകളുടെയും വിവിധ പരിപാടികളിലൂടെയും മികച്ച വരുമാനം കണ്ടെത്താന്‍ സാധിക്കുന്നതിനോടൊപ്പം പ്രാദേശികമായി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കും. ഇടുക്കിയുടെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കുന്ന ഈ സംരംഭം കലാസാംസ്‌കാരിക മേഖലയ്ക്ക് വലിയൊരു കരുത്തായി തീരുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി പാര്‍ക്കില്‍ നടന്ന യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം സിജി ചാക്കോ, രാജു ജോസഫ്, കെ.ഐ.ഐ.ഡി.സി. സി.ഇ. ഒ എസ്. തിലകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.