മലയോര മേഖലയുടെ ദീര്‍ഘകാല ആവശ്യമായ ചീമേനി ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു. സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ അനുവദിച്ച പദ്ധതിയുടെ ഡി.പി.ആര്‍ പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം മുഖേന തയ്യാറാക്കി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് നേരത്തെ ഭരണാനുമതി ലഭിച്ചിരുന്നു. പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിര്‍മ്മിക്കുന്നതിന് സമയമെടുക്കുമെന്നതിനാല്‍ കയ്യൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പഴയ കെട്ടിടത്തില്‍ സ്റ്റേഷന്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം തുടങ്ങും. ചീമേനി ടൗണിന് സമീപം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുണ്ടായിരുന്ന മൂന്നേക്കര്‍ ഭൂമിയാണ് ഫയര്‍ സ്റ്റേഷനായി നേരത്തെ അനുവദിച്ചിരിക്കുന്നത്.
ഏകദേശം 560 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള അത്യാധുനിക കെട്ടിടമാണ് ഫയര്‍ സ്റ്റേഷനായി നിര്‍മ്മിക്കുന്നത്. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാവുന്ന ഗ്യാരേജ്, മെക്കാനിക്ക് റൂം, വുമണ്‍സ് റെസ്റ്റ് റൂം, ഓഫീസ് മുറികള്‍ എന്നിവ ഗ്രൗണ്ട് ഫ്‌ലോറിലും സ്റ്റെയര്‍ റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒന്നാം നിലയിലും ഒരുക്കും. ചീമേനി-കുന്നുംകൈ റോഡില്‍ നിന്ന് സ്റ്റേഷനിലേക്ക് 50 മീറ്റര്‍ നീളത്തില്‍ ടാറിംഗ് റോഡും ഓഫീസിന് മുന്‍വശം ഇന്റര്‍ലോക്കും വാട്ടര്‍ സബ് ടാങ്കും നിര്‍മ്മിക്കും. ആകെ അനുവദിച്ച മൂന്ന് കോടി രൂപയില്‍ 20 ലക്ഷം രൂപ വൈദ്യുതീകരണത്തിനും ആറ് ലക്ഷം രൂപ ഇലക്ട്രോണിക്‌സ് ജോലികള്‍ക്കും ഒരു ലക്ഷം രൂപ ഫയര്‍ ഫൈറ്റിംഗ് വര്‍ക്കുകള്‍ക്കുമായി വിനിയോഗിക്കും. മലയോരത്തിന്റെ സുരക്ഷാ ഭൂപടത്തില്‍ സുപ്രധാന നാഴികക്കല്ലാകുന്ന ഈ ഫയര്‍ സ്റ്റേഷന്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയേകും.
