ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള വിവാഹം മുടങ്ങിയതിന് പിന്നാലെ, സംഗീതസംവിധായകൻ പലാഷ് മുച്ഛലും സ്മൃതിയുടെ സുഹൃത്ത് വിജ്ഞാൻ മാനെയും തമ്മിലുള്ള പോര് നിയമപോരാട്ടത്തിലേക്ക്. പലാഷ് മുച്ഛലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച വിജ്ഞാൻ മാനെയ്ക്ക് 10 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചു.
വിജ്ഞാൻ മാനെയുടെ ആരോപണം
സ്മൃതി മന്ദാനയുടെ വിവാഹഘോഷത്തിനിടെ പലാഷ് മുച്ഛലിനെ മറ്റൊരു സ്ത്രീയുമായി മോശം സാഹചര്യത്തിൽ കണ്ടുവെന്നും, ഇതിനെത്തുടർന്ന് ഇന്ത്യൻ വനിതാ ടീമിലെ താരങ്ങൾ പലാഷിനെ തല്ലിച്ചതച്ചുവെന്നുമാണ് വിജ്ഞാൻ മാനെ വെളിപ്പെടുത്തിയത്. കൂടാതെ, ഒരു സിനിമയുടെ പേരിൽ പലാഷ് തന്നിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തതായും വിജ്ഞാൻ ആരോപിച്ചിരുന്നു.
പലാഷ് മുച്ഛലിന്റെ മറുപടി
തന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് വിജ്ഞാൻ ഉന്നയിച്ച ആരോപണങ്ങൾ തീർത്തും വ്യാജമാണെന്ന് പലാഷ് പറഞ്ഞു. “സ്മൃതിയുടെ ബാല്യകാല സുഹൃത്തെന്ന് അവകാശപ്പെടുന്ന വിജ്ഞാൻ മാനെയ്ക്കെതിരെ എന്റെ അഭിഭാഷകൻ 10 കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ചിട്ടുണ്ട്. എന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും നശിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്,” പലാഷ് ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.
നേരത്തെ സ്മൃതിയുടെ അച്ഛന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് വിവാഹം മാറ്റിവെച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് സ്മൃതി തന്നെ വിവാഹത്തിൽ നിന്ന് പിന്മാറിയതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്മൃതിയുടെ സുഹൃത്ത് രംഗത്തെത്തിയതും പലാഷ് നിയമനടപടിയിലേക്ക് നീങ്ങിയതും. വിജ്ഞാൻ നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ പോലീസ് നിലവിൽ അന്വേഷണം നടത്തിവരികയാണ്.
