തിരുവനന്തപുരം: എയിംസിന്റെ പേരിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമര്‍ശം തന്നെക്കുറിച്ചാകാമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാര്‍. ‘കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ..’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. എയിംസ് വരില്ലെന്ന് താന്‍ പറഞ്ഞത് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
‘‘എന്നെക്കുറിച്ചാകാം പറഞ്ഞത്. തിരുവനന്തപുരത്ത് പ്രസംഗിച്ചപ്പോൾ എയിംസ് വരില്ലെന്നു ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞതല്ലേ ശരിയായത്. അതിനു മറുപടി ഞാനല്ല പറഞ്ഞത്… ജനങ്ങളാണ്. ‘എയിംസ് വരില്ല മറ്റേ മോനേ…’ എന്ന്. കുറേക്കാലമായി എയിംസിന്റെ പേര് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. അദ്ദേഹത്തിന്റെ രീതി അനുസരിച്ച് പറയട്ടെ. അതിലൊന്നും പരാതിയില്ല.’’– ഗണേഷ് കുമാർ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെ താന്‍ രാഷ്ട്രീയമായി ഉപദ്രവിച്ചിട്ടില്ലെന്നു ഗണേഷ് കുമാര്‍ പറഞ്ഞു. അവസാനകാലം വരെ ഉമ്മന്‍ ചാണ്ടിയുമായി നല്ല ബന്ധമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. ശബരിമല സ്വര്‍ണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. സിപിഎമ്മില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് ഇക്കാര്യത്തില്‍ തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
