ഓസ്ട്രേലിയയിലെ സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് നായകൻ മൈക്കൽ വോൺ. ആഷസ് പരമ്പരയുടെ ഭാഗമായി ഓസ്ട്രേലിയയിലെത്തിയ മൈക്കിൾ വോൺ, വെടിവെപ്പ് നടന്നതിന് തൊട്ടടുത്ത് തന്നെയായിരുന്നു ഉണ്ടായിരുന്നത്.
“തലനാരിഴക്കാണ് ഞാൻ രക്ഷപ്പെട്ടതെന്നും മരിക്കാതിരുന്നത് ഭാഗ്യമായി കാണുന്നു” എന്നും അദ്ദേഹം എക്സിൽ കുറിച്ചു. വെടിവെപ്പിനെ തുടർന്ന് സമീപത്തെ ഒരു റെസ്റ്റോറന്റിൽ കുടുങ്ങിപ്പോയെന്നും, ഇത് തനിക്ക് പേടിപ്പെടുത്തുന്ന അനുഭവമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
സിഡ്നിയിൽ പ്രാദേശിക സമയം വൈകുന്നേരം യഹൂദരുടെ ഒരു ആഘോഷ പരിപാടി നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വാഹനത്തിലെത്തിയ രണ്ട് അക്രമകാരികൾ പുറത്തിറങ്ങി വെടിയുതിർക്കുകയായിരുന്നു. ഈ ആക്രമണത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. 24 വയസ്സുള്ള നവീദ് അക്രം ആണ് തോക്കുധാരികളിൽ ഒരാൾ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണം മുന്നിൽ കണ്ട ആ നിമിഷങ്ങളെക്കുറിച്ച് വോൺ നടത്തിയ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
