കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയെ അവരുടെ സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ പരാജയപ്പെടുത്തിയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ സാധ്യത. ഭവാനിപൂരിൽ 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമത ബാനർജിയെ തോല്പിച്ചത്. ഭവാനിപൂരിനു പുറമെ നന്ദിഗ്രാം മണ്ഡലത്തിലും അദ്ദേഹം വിജയിച്ചു. നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസിന്റെ പവിത്രകർക്കെതിരെ 9,665 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. 2021ലെ തിരഞ്ഞെടുപ്പിലും നന്ദിഗ്രാമിൽ സുവേന്ദു മമതയെ പരാജയപ്പെടുത്തിയിരുന്നു.
മമതയെ അവരുടെ തട്ടകത്തിൽ തന്നെ വീഴ്ത്തിയതിന് സുവേന്ദു അധികാരിക്ക് മുഖ്യമന്ത്രി പദം നൽകിയേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ, പാർട്ടി വൈസ് പ്രസിഡന്റ് അഗ്നിമിത്ര പോൾ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. പാർട്ടി ഒരു വനിതാ മുഖ്യമന്ത്രിയെയാണ് ലക്ഷ്യമിടുന്നതെങ്കിൽ, അസൻസോൾ ദക്ഷിണിൽ നിന്നും വിജയിച്ച അഗ്നിമിത്ര പോൾ, പ്രധാന പരിഗണന ലഭിക്കാൻ സാധ്യതയുള്ള നേതാവാണ്. സമിക് ഭട്ടാചാര്യയുടെ നേതൃത്വത്തിലാണ് പാർട്ടി ബംഗാളിൽ ആദ്യ വിജയം നേടിയത് എന്നത് അദ്ദേഹത്തിന് അനുകൂല ഘടകമാണ്.
വരും ദിവസങ്ങളിൽ ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. തിങ്കളാഴ്ച നടന്ന വോട്ടെണ്ണലിൽ സംസ്ഥാനത്തെ 293 സീറ്റുകളിൽ 206 എണ്ണത്തിലും വിജയിച്ചാണ് ബിജെപി ബംഗാളിൽ ആദ്യമായി അധികാരമുറപ്പിച്ചത്. മമതയുടെ തൃണമൂൽ കോൺഗ്രസിന് കേവലം 81 സീറ്റുകൾ മാത്രമാണ് നേടാനായത്.
