Home » Blog » kerala Max » മന്ത്രിസഭാ ക്ലൈമാക്സിലേക്ക്; ചെന്നിത്തലയുടെ വസതിയിലെത്തി വീണ്ടും സതീശൻ, കോൺഗ്രസ് ക്യാമ്പുകളിൽ ചർച്ച ചൂടുപിടിക്കുന്നു
9

പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് കോൺഗ്രസിൽ മന്ത്രിസ്ഥാനങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങളും അനുനയ നീക്കങ്ങളും അത്യന്തം നാടകീയമായ ഘട്ടത്തിലേക്ക്. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനായി വീണ്ടും അദ്ദേഹത്തിൻ്റെ വസതിയിലെത്തി ചർച്ച നടത്തി. ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, അബിൻ വർക്കി, ജോസഫ് വാഴയ്ക്കൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിൽ ഒത്തുചേർന്ന സാഹചര്യത്തിലായിരുന്നു നിയുക്ത മുഖ്യമന്ത്രിയുടെ സന്ദർശനം. എന്നാൽ, ഹൈക്കമാൻഡും പുതിയ നേതൃത്വവും നടത്തുന്ന അനുനയ നീക്കങ്ങളോട് ഒട്ടും വഴങ്ങാതെ കടുത്ത നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രമേശ് ചെന്നിത്തല.

തനിക്ക് മന്ത്രിസ്ഥാനം നൽകിയില്ലെങ്കിലും ഗ്രൂപ്പ് ഭേദമന്യേ ഇത്രയും കാലം കൂടെനിന്ന മുതിർന്ന എം.എൽ.എമാരെ പാടെ അവഗണിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് ചെന്നിത്തല. അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ, ടി.ജെ. വിനോദ്, ജ്യോതികുമാർ ചാമക്കാല എന്നിവരെ പുതിയ മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്നാണ് അദ്ദേഹത്തിൻ്റെ പ്രധാന ആവശ്യം. വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന മുതിർന്ന ജനപ്രതിനിധികളെ തഴയുന്നത് രാഷ്ട്രീയമായ അനൗചിത്യമാണെന്ന് ചെന്നിത്തല വി.ഡി. സതീശനെ നേരിട്ട് അറിയിച്ചു. ഭരണം കൂടുതൽ മികവുറ്റതാക്കാൻ രമേശ് ചെന്നിത്തലയെപ്പോലൊരു മുതിർന്ന നേതാവ് മന്ത്രിസഭയിൽ ഉണ്ടാകണമെന്ന ആവശ്യം ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ള നേതാക്കളും പരസ്യമായി ഉന്നയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത അതൃപ്തിയിലായ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ കഴിഞ്ഞ ദിവസം കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ചെന്നിത്തലയുടെ വസതിയിലെത്തി മണിക്കൂറുകളോളം ചർച്ച നടത്തിയിരുന്നു. വി.ഡി. സതീശൻ മന്ത്രിസഭയിലേക്ക് ക്ഷണിച്ചപ്പോൾ മുൻപ് ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് ഭരിച്ചതുപോലെ ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന ആവശ്യമാണ് ചെന്നിത്തല മുന്നോട്ട് വെച്ചത്. എന്നാൽ ആഭ്യന്തര വകുപ്പ് വിട്ടുനൽകുന്നതിലും മുതിർന്ന നേതാക്കളുടെ പട്ടിക അംഗീകരിക്കുന്നതിലും പുതിയ നേതൃത്വം പൂർണ്ണമായി മനസ്സ് തുറന്നിട്ടില്ല.