Home » Blog » Kerala » മദ്യത്തിനും മധുരപാനീയങ്ങൾക്കും നികുതി കൂട്ടണം: നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന
8878bf23ea28feaaaf55a14a793376348f3de603db3c7f8d05348f7c52f648d8.0

ദ്യത്തിനും മധുരപാനീയങ്ങൾക്കും നികുതി കുറയ്ക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് വൻ ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന (WHO). ഇത്തരം ഉൽപ്പന്നങ്ങളുടെ കുറഞ്ഞ വില അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ ഗ്ലോബൽ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

പല രാജ്യങ്ങളിലും മദ്യത്തിനും പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്കും നികുതി കുറവായതിനാൽ അവ എളുപ്പത്തിൽ ലഭ്യമാണ്. ഇത് ആളുകൾ ഇവ നിത്യവും ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാക്കുന്നു. നിലവിൽ 116 രാജ്യങ്ങൾ മധുരപാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നുണ്ടെങ്കിലും പല ഉൽപ്പന്നങ്ങളും ഇപ്പോഴും നികുതി പരിധിക്ക് പുറത്താണ്. അതുപോലെ 167 രാജ്യങ്ങൾ മദ്യത്തിന് നികുതി ഈടാക്കുന്നുണ്ടെങ്കിലും പണപ്പെരുപ്പത്തിന് അനുസരിച്ച് നികുതി വർധിപ്പിക്കാത്തത് തിരിച്ചടിയാകുന്നു. പലയിടങ്ങളിലും വൈനിന് നികുതിയില്ലെന്ന കാര്യവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

‘3 ബൈ 35’ പദ്ധതിയും ലക്ഷ്യങ്ങളും: ആരോഗ്യത്തിന് ഹാനികരമായ പദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ‘ഹെൽത്ത് ടാക്സ്’ വർധിപ്പിക്കണമെന്നാണ് സംഘടനയുടെ നിർദ്ദേശം. ഇതിനായി ‘3 ബൈ 35’ എന്ന പദ്ധതി ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്നു. 2035 ആകുമ്പോഴേക്കും പുകയില, മദ്യം, മധുരപാനീയങ്ങൾ എന്നിവയുടെ നികുതി ഗണ്യമായി വർധിപ്പിച്ച് അവയുടെ വില കൂട്ടുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വില കൂടുന്നതോടെ സ്വാഭാവികമായും ആളുകൾ ഇവയുടെ ഉപയോഗം കുറയ്ക്കുമെന്നും അതിലൂടെ ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ്, അർബുദം എന്നിവ തടയാനാകുമെന്നും സംഘടന വിലയിരുത്തുന്നു. മദ്യപാനം കുറയ്ക്കുന്നത് വഴി അപകടങ്ങളും പരിക്കുകളും കുറയ്ക്കാനും സാധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.