ഫാത്തിമ മാതാ നാഷനൽ കോളജിൽ നടന്ന സി എം ജില്ലാതല മെഗാക്വിസ് മത്സരത്തിൽ താരമായി അഞ്ചാം ക്ലാസ്സ് വിദ്യാർഥി എം എസ് ശ്രേയസ്. കാണികളോട് ക്വിസ് മാസ്റ്റർ ചോദിച്ച ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരം നൽകിയാണ് ശ്രേയസ് മത്സരത്തിന്റെ ‘ജനകീയ താരം ‘ ആയത്. പുത്തൂർ സർക്കാർ ഹൈസ്കൂൾ വിദ്യാർഥിയായ ശ്രേയസ് സ്കൂൾതല ക്വിസിൽ പങ്കെടുക്കാനെത്തിയ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ സഹോദരിക്കും അച്ഛനോടൊപ്പവുമാണ് എത്തിയത്.
പ്രാഥമിക മത്സരത്തിലാണ് സഹോദരി നിള മത്സരിച്ചത്. പക്ഷെ ക്വിസ് മത്സരങ്ങൾ ഹോബിയാക്കിയ ഈ കൊച്ചുമിടുക്കൻ നേടിയത് നിറഞ്ഞ കയ്യടിയും സമ്മാനങ്ങളും. മാധ്യമപ്രവർത്തകനായ എസ് ശ്രീകുമാർ, കോളജ് അധ്യാപികയായ എസ് രജിത എന്നിവരുടെ ഇളയ മകനാണ്.
