ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യ ആധികാരിക ജയം നേടിയതിന് പിന്നാലെ, സഹതാരം ഇഷാൻ കിഷനെക്കുറിച്ച് രസകരമായ വെളിപ്പെടുത്തലുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രംഗത്തെത്തി. മത്സരത്തിനിടെ ഇഷാനോട് തനിക്ക് ചെറിയ രീതിയിൽ ദേഷ്യം തോന്നിയിരുന്നുവെന്നാണ് സമ്മാനദാനച്ചടങ്ങിൽ സൂര്യ തമാശയായി പറഞ്ഞത്.
ഇഷാന്റെ താണ്ഡവം
വെറും 32 പന്തിൽ 76 റൺസാണ് ഇഷാൻ കിഷൻ അടിച്ചുകൂട്ടിയത്. ആറ് റൺസെടുക്കുന്നതിനിടെ സഞ്ജു സാംസണിന്റെയും അഭിഷേക് ശർമ്മയുടെയും വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെ ഇഷാൻ തകർത്തടിച്ചതോടെ ആദ്യ ആറ് ഓവറിൽ മാത്രം ഇന്ത്യ 56 റൺസ് നേടി.
സൂര്യയുടെ പ്രതികരണം
ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിനിടെ താൻ വെറുമൊരു കാഴ്ചക്കാരനായി നിൽക്കേണ്ടി വന്നതിനെക്കുറിച്ചായിരുന്നു സൂര്യകുമാർ യാദവ് തമാശരൂപേണ സംസാരിച്ചത്. “ഉച്ചഭക്ഷണത്തിന് ഇഷാൻ എന്താണ് കഴിച്ചതെന്നോ മത്സരത്തിന് മുമ്പ് എന്ത് പ്രീ വർക്കൗട്ട് ആണ് ചെയ്തതെന്നോ എനിക്കറിയില്ല. പവർപ്ലേയിൽ ടീം രണ്ട് വിക്കറ്റ് നഷ്ടത്തിൽ തകർച്ച നേരിടുമ്പോൾ ഒരാൾ ഇത്തരത്തിൽ ബാറ്റ് ചെയ്യുന്നത് ഞാൻ മുമ്പ് കണ്ടിട്ടില്ല. പവർപ്ലേയിൽ അവൻ എനിക്ക് സ്ട്രൈക്ക് തരാത്തതിൽ എനിക്ക് ഇടയ്ക്ക് ദേഷ്യം തോന്നിയിരുന്നു. പക്ഷെ അത് സാരമില്ല, പിന്നീട് എനിക്ക് സമയം ലഭിക്കുമെന്നും റൺസ് കണ്ടെത്താനാകുമെന്നും എനിക്കറിയാമായിരുന്നു,” സൂര്യകുമാർ പറഞ്ഞു.
ഇഷാൻ പുറത്തായതോടെ ഉത്തരവാദിത്തം ഏറ്റെടുത്ത സൂര്യകുമാർ 37 പന്തിൽ പുറത്താകാതെ 82 റൺസ് നേടി ഇന്ത്യയെ വിജയതീരത്തെത്തിച്ചു. നീണ്ട 468 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സൂര്യകുമാർ അന്താരാഷ്ട്ര ടി20യിൽ ഒരു അർധസെഞ്ചുറി നേടുന്നത് എന്ന പ്രത്യേകതയും ഈ ഇന്നിങ്സിനുണ്ട്.
