മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ ‘ദൃശ്യ’ത്തിന്റെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് ആവേശം പകർന്ന് റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം ഏപ്രിൽ 2-ന് തിയറ്ററുകളിൽ എത്തും. സൂപ്പർ താരം മോഹൻലാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഈ സുപ്രധാന വിവരം പങ്കുവെച്ചത്.
ചിത്രത്തിലെ നിർണ്ണായക രംഗങ്ങൾ കോർത്തിണക്കിയുള്ള ഒരു അനൗൺസ്മെന്റ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ‘ഭൂതകാലം ഒരിക്കലും നിശബ്ദത പാലിക്കുന്നില്ല’ (Past never stays silent) എന്ന ടാഗ്ലൈനോട് കൂടിയ പോസ്റ്റർ സിനിമയുടെ ദുരൂഹത വർദ്ധിപ്പിക്കുന്നു. വരുണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ സത്യങ്ങൾ ഒടുവിൽ പുറത്തുവരുമോ അതോ ജോർജുകുട്ടി തന്റെ ബുദ്ധികൂർമ്മതയോടെ വീണ്ടും നിയമത്തെ മറികടക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദ്യ രണ്ട് ഭാഗങ്ങളും ആഗോളതലത്തിൽ തന്നെ വലിയ പ്രശസ്തി നേടിയിരുന്നു. 2025 സെപ്റ്റംബർ 22-നായിരുന്നു മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. മുൻപ് രണ്ട് ഭാഗങ്ങൾക്കും ലഭിച്ച അതേ സ്നേഹം ഈ ചിത്രത്തിനും പ്രേക്ഷകർ നൽകുമെന്നാണ് പ്രതീക്ഷയെന്ന് ചിത്രീകരണ വേളയിൽ മോഹൻലാൽ പറഞ്ഞിരുന്നു. 78 ദിവസത്തെ കാത്തിരിപ്പിന് ശേഷം ജോർജുകുട്ടിയും കുടുംബവും വീണ്ടും വെള്ളിത്തിരയിൽ എത്തുമ്പോൾ വലിയൊരു റെക്കോർഡ് വിജയം തന്നെയാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്.
