images (56)

ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, തലശ്ശേരി നഗരസഭ, മട്ടന്നൂര്‍ നഗരസഭ, അലിംകോ, എന്‍ എസ് ഐ എല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിച്ചു.

ജില്ലയില്‍ അഞ്ചിടങ്ങളിലായി നടത്തിയ ഭിന്നശേഷി നിര്‍ണയ ക്യാമ്പില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്ക് 240 സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ അലിംകോ മുഖേനെ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, തലശ്ശേരി നഗരസഭ പരിധികളിലെ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എ.ഡി.ഐ.പി /ആര്‍.വി.വൈ പദ്ധതി മുഖേന നടത്തിയ ഭിന്നശേഷി നിര്‍ണയ ക്യാമ്പ് വഴി തെരഞ്ഞെടുത്ത 104 പേര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്. മോട്ടോര്‍ ഘടിപ്പിച്ച മുച്ചക്ര വാഹനം, ജോയ്സ്റ്റിക്ക് വീല്‍ചെയര്‍, വീല്‍ചെയര്‍, വാക്കര്‍, വാക്കിംഗ് സ്റ്റിക്ക്, ടി എല്‍ എം കിറ്റ്, ശ്രവണ സഹായി, ടെട്രാപോഡ്, സി പി ചെയര്‍ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

തലശ്ശേരി ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എം ജമുനാ റാണി ടീച്ചര്‍ അധ്യക്ഷയായി. അസിസ്റ്റന്റ് കലക്ടര്‍ എഹ്തെദ മുഫസിര്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത എന്നിവര്‍ മുഖ്യാതിഥികളായി. അലിംകോ മാനേജര്‍ ലിറ്റിന്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ രജിത പ്രദീപ്, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ റാഷിത ടീച്ചര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു, കെഎസ്എസ്എം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ അനീഷ്, എന്‍ എസ് ഐ എല്‍ പ്രോസ്തറ്റീഷ്യന്‍ ശില്‍പ, വയോമിത്രം കോ ഓര്‍ഡിനേറ്റര്‍ സന്ധ്യ സന്തോഷ്, പേരാവൂര്‍ താലൂക്ക് ആശുപത്രി ഓഡിയോളജിസ്റ്റ് സി.കെ ഹരിത എന്നിവര്‍ സംസാരിച്ചു.

കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിതാ കോളേജില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണം കെ.വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എ.ഡി.ഐ.പി /ആര്‍.വി.വൈ പദ്ധതി മുഖേന നടത്തിയ ഭിന്നശേഷി നിര്‍ണയ ക്യാമ്പ് വഴി തെരഞ്ഞെടുത്ത 40 പേര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *