Home » Blog » Kerala » ഭാര്യയെയും മകളെയും ലഹരികൊടുത്ത് മയക്കി, ശേഷം 10 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് സെപിറ്റിക് ടാങ്കില്‍ തള്ളി, പിന്നാലെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ്
2

ന്യൂഡൽഹി: ഡൽഹിയിലെ മുകുന്ദ്പൂരിൽ 10 മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ വഴിത്തിരിവ്. കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ പിതാവാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. പ്രതിയായ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയോടെയാണ് ക്രൂരമായ കൊലപാതകം നടന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന.

കൃത്യം നടത്തുന്നതിന് മുമ്പായി പ്രതി തന്റെ ഭാര്യയ്ക്കും മൂത്ത മകൾക്കും ലഹരിപദാർത്ഥം കലർത്തിയ ആഹാരമോ പാനീയമോ നൽകി ബോധം കെടുത്തുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചു. നിലവിൽ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഞായറാഴ്ച രാവിലെ പാൽ വാങ്ങാനായി പിതാവ് പുറത്തുപോയ സമയത്ത് കുഞ്ഞിനെ കാണാതായെന്നായിരുന്നു കുടുംബം ആദ്യം പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, ചോദ്യം ചെയ്യലിൽ പിതാവിന്റെ മൊഴികളിലെ വൈരുധ്യമാണ് പൊലീസിന് സംശയമുണ്ടാക്കിയത്.

തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കൊലപാതകത്തിൽ മറ്റ് കുടുംബാംഗങ്ങൾക്ക് ആർക്കെങ്കിലും പങ്കുണ്ടോ എന്നറിയാൻ പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരുന്നു.