മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മുന്നേറ്റം ഭരണവിരുദ്ധ വികാരത്തിന്റെയും യുഡിഎഫിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെയും പ്രതിഫലനമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് കൈവരിച്ച മികച്ച പ്രകടനത്തെ അദ്ദേഹം എടുത്തുപറഞ്ഞു. ലീഗിനെ സംബന്ധിച്ച് ഇത് ചരിത്ര വിജയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫും മുസ്‌ലിം ലീഗും തമ്മിൽ വലിയ വിശ്വാസത്തിലാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
പുതിയ മന്ത്രിസഭയിലെ ലീഗിന്റെ പ്രാതിനിധ്യം സംബന്ധിച്ച ചോദ്യങ്ങൾക്ക്, അത് ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായ സമയത്ത് ഉഭയകക്ഷി ചർച്ചകളിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരിച്ച 27 സീറ്റുകളിൽ 22 എണ്ണത്തിലും വിജയിക്കാൻ ലീഗിന് സാധിച്ചു. 84.62% എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റ് കൈവരിച്ച പാർട്ടിയുടെ മുന്നേറ്റം യുഡിഎഫിന്റെ വിജയത്തിൽ നിർണായകമായി. മലപ്പുറം ജില്ലയിൽ വൻ ആധിപത്യം തുടർന്ന പാർട്ടി, സിറ്റിങ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം എൽഡിഎഫിൽ നിന്ന് താനൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ തിരിച്ചുപിടിക്കുകയും ചെയ്തു.
മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി 85,327 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പേരാമ്പ്ര മണ്ഡലത്തിൽ നിന്ന് ഫാത്തിമ തഹിലിയ വിജയിച്ചതോടെ മുസ്‌ലിം ലീഗിന് ആദ്യമായി ഒരു വനിതാ പ്രതിനിധിയെ നിയമസഭയിൽ എത്തിക്കാനായി എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.
