download

സാമൂഹ്യനീതി വകുപ്പിന്റെ 50ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായി ‘അന്‍പ്’ തീവ്ര പ്രചാരണ പരിപാടി സംസ്ഥാനത്ത് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

ആലപ്പുഴ സാമൂഹ്യനീതി വകുപ്പ് ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം കളക്ട്രേറ്റ് വളപ്പില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക്പ്രധാന പരിഗണന നല്‍കുന്ന പദ്ധതികളുടെ പ്രഖ്യാപനം, ഇവരും കുടുംബവും ഭിന്നശേഷിക്കാരും നേരിടുന്ന പ്രയാസങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നിവയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഇവര്‍ക്കായി നൈപുണ്യ വികസനവും തൊഴില്‍ പരിശീലനവും നല്‍കുന്ന പ്രചോദനം പദ്ധതിയും ഉദ്ഘാടനം ചെയ്യും. കൂടാതെ ഇവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഹ്രസ്വകാല താമസസൗകര്യം ഉറപ്പാക്കുന്ന പദ്ധതിയും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

എച്ച്. സലാം എം എല്‍ എ അധ്യക്ഷനായി. ആലപ്പുഴയിലെ സാമൂഹ്യനീതി വകുപ്പിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധയും പരിഗണനയും വേണ്ട കുട്ടികളെയും വ്യക്തികളെയും മുന്‍നിരയില്‍ എത്തിക്കാന്‍ വകുപ്പിന് ജില്ലയില്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, സാമൂഹ്യ നീതി വകുപ്പ് അഡി.ഡയറക്ടര്‍ എസ് ജലജ,

ഡി എല്‍ എസ് എ സബ് ജഡ്ജ് പ്രമോദ് മുരളി, നഗരസഭ അധ്യക്ഷ കെ.കെ ജയമ്മ, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ വി. അശ്വതി,

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. ടി.എസ് താഹ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ നസീര്‍ പുന്നയ്ക്കല്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി. എഞ്ചിനീയര്‍ഐ.റംലബീവി തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പിന്റെ പരിരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു. തുടര്‍ന്ന്പരിമിതികളെ തോല്‍പ്പിച്ച് കീബോര്‍ഡ് വായിച്ചും ചിത്രരചന നടത്തിയും മുന്നേറുന്ന മുഹമ്മദ് യാസീന്റെ കീബോര്‍ഡ് വായന കാണികള്‍ക്ക് നവ്യാനുഭവമായി. സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍, ജില്ലയിലെ വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ തുടങ്ങിയവരുടെ കലാപരിപാടികളും അരങ്ങേറി.

​ക്യാൻറ്റീൻ ഉൾപ്പെടെ മൂന്ന് നിലകളിലായി 3042.39 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടം ആണ് ആലപ്പുഴ സാമൂഹ്യനീതി വകുപ്പിന് വേണ്ടി നിർമിച്ചിരിക്കുന്നത്. 1.28 കോടി രൂപയാണ് നിർമ്മാണ ചെലവ്.

Leave a Reply

Your email address will not be published. Required fields are marked *