കൊച്ചി: ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടർന്ന് ‘ഭരതനാട്യം 2 മോഹിനിയാട്ടം’. സിനിമ ഇതിനകം 25 കോടിയിലധികം രൂപയാണ് ആഗോള തലത്തിൽ നേടിയിരിക്കുന്നത്. 2024ൽ റിലീസ് ആയ ‘ഭരതനാട്യം’ സിനിമയുടെ രണ്ടാം ഭാഗമായാണ് ചിത്രമെത്തിയത്. ഡാർക്ക് ഹ്യൂമറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സിനിമാപ്രേമികൾ. തിയേറ്ററുകളിൽ ചിരിപ്പൂരം തീർക്കുന്ന ചിത്രം ഈ വർഷത്തെ സൂപ്പർ ഹിറ്റുകളുടെ നിരയിലേക്ക് കുതിക്കുകയാണ്.
കൃഷ്ണദാസ് മുരളിയാണ് ‘മോഹിനിയാട്ടം’ സംവിധാനം ചെയ്തിരിക്കുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് ‘മോഹിനിയാട്ടം’ നിർമിച്ചിരിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
സൈജു കുറുപ്പിന്റെ 150ാം ചിത്രമാണിത്.സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ, ജിനിൽ റെക്സ, ജിവിൻ റെക്സ, നിഷ്താർ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സൽഖാൻ വിജയ്, സൽഖാൻ, നായർ ബാബു, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.
