ബിഹാർ തിരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസിനും ആർജെഡിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപാർട്ടികളും നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്നും, രാഷ്ട്രീയ ലാഭത്തിനുവേണ്ടി ജനങ്ങളെ നുണകൾ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം അരരിയയിലെ റാലിയെ അഭിസംബോധന ചെയ്യവേ ആരോപിച്ചു. രാജ്യത്തിൻ്റെ താത്പര്യം സംരക്ഷിക്കുന്നതിനേക്കാൾ, നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനാണ് പ്രതിപക്ഷ പാർട്ടികൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
ആർജെഡി നേതൃത്വം നൽകിയ 1990-കളിലെ സർക്കാരുകളാണ് ബിഹാറിനെ ക്രമക്കേടുകളിലേക്കും അഴിമതിയിലേക്കും തള്ളിവിട്ടതെന്നും മോദി ആരോപിച്ചു. “ഒരിക്കൽ നിങ്ങളുടെ മുത്തച്ഛന്മാരും മുത്തശ്ശിമാരും നൽകിയ വോട്ടുകൾ ബിഹാറിനെ സാമൂഹികനീതിയുടെ നാടാക്കി മാറ്റിയിരുന്നു. എന്നാൽ, തൊണ്ണൂറുകളായപ്പോൾ ആർജെഡിയുടെ ‘ജംഗിൾരാജ്’ ബിഹാറിനെ ആക്രമിച്ചു. തോക്കുകൾ, ക്രൂരത, അഴിമതി, ദുർഭരണം ഇവ ബിഹാറിൻ്റെ കാലക്കേടുകളായി. നിങ്ങളുടെ മാതാപിതാക്കളുടെ സ്വപ്നങ്ങൾ ചതച്ചരയ്ക്കപ്പെട്ടു,” മോദി പറഞ്ഞു.
ആർജെഡി സംസ്ഥാനം ഭരിച്ച പതിനഞ്ചു വർഷക്കാലം വികസനമൊന്നും ഉണ്ടായില്ലെന്നും മോദി കുറ്റപ്പെടുത്തി. “ഭരണമെന്ന പേരിൽ നിങ്ങൾ കൊള്ളയടിക്കപ്പെടുക മാത്രമാണുണ്ടായത്. 15 കൊല്ലത്തെ ജംഗിൾ രാജിനിടയിൽ ബിഹാറിൽ എത്ര എക്സ്പ്രസ് വേകൾ നിർമിക്കപ്പെട്ടിട്ടുണ്ട്? പൂജ്യം,” അദ്ദേഹം കൂട്ടിച്ചേർത്തു.
