കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സി.പി.എം ജില്ലാ കമ്മിറ്റി അംഗം ബിനോയ് കുര്യനെ പാർട്ടി നിശ്ചയിച്ചു. ശനിയാഴ്ച ചേർന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ബിനോയ് കുര്യനെ അധ്യക്ഷ പദവിയിലേക്ക് നിയോഗിക്കാൻ തീരുമാനമായത്. ഇതോടൊപ്പം ടി. ഷബ്നയെ വൈസ് പ്രസിഡന്റായും പാർട്ടി തീരുമാനിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. അനുശ്രീയുടെ പേരും സജീവ പരിഗണനയിലുണ്ടായിരുന്നെങ്കിലും പാർലമെന്ററി രംഗത്തെ പ്രവർത്തന പരിചയം മുൻനിർത്തി ഷബ്നയ്ക്ക് നറുക്ക് വീഴുകയായിരുന്നു. സംഘടനാ വൈഭവവും ഭരണപരിചയവുമുള്ള പുതിയ നേതൃത്വത്തിലൂടെ ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനാണ് സി.പി.എം ലക്ഷ്യമിടുന്നത്.
മണിക്കടവ് സ്വദേശിയായ ബിനോയ് കുര്യൻ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിൽ ശ്രദ്ധേയനായത്. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഡി.വൈ.എഫ്.ഐയുടെ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിർണ്ണായക പദവികളും വഹിച്ചിട്ടുണ്ട്. ദീർഘകാലത്തെ സംഘടനാ അനുഭവസമ്പത്തുള്ള ബിനോയ് കുര്യൻ നിലവിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്.
വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടി. ഷബ്നയും സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്. ജനപ്രതിനിധി എന്ന നിലയിൽ മുൻപും മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള ഷബ്ന, 2005-2010 കാലയളവിൽ കോട്ടയം ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. തുടർന്ന് 2010-2015 കാലയളവിൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് മാങ്ങാട്ടിടം ഡിവിഷനിൽ നിന്നും വിജയിച്ച് സ്ഥിരം സമിതി അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളിലെ ഈ അനുഭവസമ്പത്ത് ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ ഷബ്നയ്ക്ക് തുണയാകും.
