വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷി. വിദ്യാർത്ഥികളുടെ ആശങ്ക ന്യായമാണെന്നും അവർ തെരുവുകളിൽ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാഴ് ച ഏറെ വേദനാജനകമാണെന്നുമാണ് എക്സ് പോസ്റ്റിലൂടെ മുരളി മനോഹർ ജോഷി പ്രതികരിച്ചിരിക്കുന്നത്.’രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവ വിദ്യാർഥികൾ ദിവസങ്ങളായി ന്യൂഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ഏറെ വേദനാജനകമാണ്. പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട അവരുടെ ആശങ്കകളും ആശയക്കുഴപ്പങ്ങളും യാഥാർഥ്യമുള്ളവയാണ്.
അതിനാൽ അവയെ സഹാനുഭൂതിയോടെയും ശാശ്വതമായ പരിഹാരം കണ്ടെത്താനുള്ള ആത്മാർഥമായ ശ്രമത്തോടെയും സമീപിക്കേണ്ടതുണ്ട്’ എന്നാണ് മുരളി മനോഹർ ജോഷി എക്സിൽ കുറിച്ചിരിക്കുന്നത്.ഈ വിഷയത്തെ കേവലം നിയമ-സമാധാന പ്രശ്നമായി മാത്രം കണ്ട് ബലപ്രയോഗത്തിലൂടെ നേരിടാൻ ശ്രമിക്കില്ലെന്ന് ഞാൻ ആത്മാർഥമായി പ്രത്യാശിക്കുന്നു. യുവതികളടക്കമുള്ള വിദ്യാർഥികളോട് അതിക്രൂരമായി പെരുമാറിയെന്ന വാർത്തകൾ ഏറെ വേദനിപ്പിക്കുന്നതാണ്. ഇത്തരം ബലപ്രയോഗങ്ങൾ ഇന്ത്യയെ ‘വിക്സിത് ഭാരത്’ (വികസിത ഇന്ത്യ)’ എന്ന ദേശീയ ലക്ഷ്യത്തിൽ നിന്ന് സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അകറ്റിനിർത്താൻ ഇടയാക്കുമെന്നും മുരളി മനോഹർ ജോഷി തൻ്റെ എക്സ് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്.
