Home » Blog » Top News » ബഹിരാകാശ ഗവേഷണ മാതൃകയില്‍ റോവര്‍ നിര്‍മ്മാണം ഉള്‍പ്പെടെ അടുത്തറിയുന്ന ലിറ്റില്‍ കൈറ്റ്‌സ് ദ്വിദിന ജില്ലാ ക്യാംപുകള്‍ക്ക് നാളെ (ശനി) തുടക്കം
FB_IMG_1770379674752

ചൊവ്വയിലെ റോവറുകളെ ഭൂമിയിലിരുന്ന് നിയന്ത്രിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയുടെ മാതൃകയില്‍ വിദൂരനിയന്ത്രിത റോവര്‍ നിര്‍മാണമുള്‍പ്പടെ കുട്ടികളെ പരിചയപ്പെടുത്തുന്ന ലിറ്റില്‍ കൈറ്റ്‌സ് ജില്ലാതല സഹവാസ് ക്യാംപ് ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംഘടിപ്പിക്കുന്ന ക്യാംപില്‍ ഐ.ഒ.ടി ഉപകരണങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന എം.ക്യൂ.ടി.ടി (മെസ്സേജ് ക്യൂയിങ് ടെലിമെറ്ററി ട്രാന്‍സ്പോര്‍ട് ) പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ റോവറുകള്‍ നിയന്ത്രിക്കുന്നത്. ഗ്രഹങ്ങള്‍, ഖനികള്‍, മാന്‍ഹോളുകള്‍ തുടങ്ങി മനുഷ്യര്‍ക്ക് എത്താന്‍ പ്രയാസമുള്ള ഇടങ്ങളില്‍ പരീക്ഷണങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന വിദൂരനിയന്ത്രിത റോവര്‍ ഉപകരണങ്ങള്‍ തയ്യാറാക്കാന്‍ കുട്ടികള്‍ ഇതിലൂടെ പരിശീലനം നേടും. കൈറ്റ് പുതുതായി സ്‌കൂളുകള്‍ക്ക് നല്‍കുന്ന ഇ.എസ്.പി 32 മൈക്രോ കണ്‍ട്രോളര്‍ ഉള്‍പ്പെട്ട അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിയിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സബ്ജില്ലാ ക്യാംപുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. പ്രോഗ്രാമിങ്, അനിമേഷന്‍ മേഖലകളില്‍ പ്രത്യേക പരിശീലനമാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത്. ഐ.ഒ.ടി. (ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്), റോബോട്ടിക്‌സ് തുടങ്ങിയ ആധുനിക കംപ്യൂട്ടിങ് സങ്കേതങ്ങളില്‍ താല്പര്യത്തെ ഉണര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ പ്രോഗ്രാമിങ് മേഖലയില്‍ പരിശീലനത്തില്‍ പരിചയപ്പെടുന്നു. മൊബൈല്‍ ആപ്പ് നിര്‍മ്മാണം, ഐ.ഒ.ടി. നിയന്ത്രിത റോബോട്ടിക് ഉപകരണങ്ങളായ സ്മാര്‍ട്ട് എല്‍.ഇ.ഡി, സ്മാര്‍ട്ട് റോവര്‍ ഡിവൈസ് തുടങ്ങിയവ തയ്യാറാക്കുന്ന വിധം വിശദീകരിക്കും.

വസ്തുക്കളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം കംപ്യൂട്ടറില്‍ സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളര്‍ത്തുകയാണ് അനിമേഷന്‍ മേഖലയിലെ പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഒരു ഉത്പന്നത്തിന്റെ പ്രചാരണത്തിനുള്ള പ്രൊമോ വീഡിയോ കുട്ടികള്‍ തയ്യാറാക്കും. പൂന്തോട്ടത്തില്‍ നിന്ന് തേന്‍ ശേഖരിച്ച് പാക്കിങ് കേന്ദ്രത്തിലെ കുപ്പിയിലേക്ക് പകര്‍ന്നു നല്‍കുന്ന നാല് സീനുകളുള്ള അനിമേഷനാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇതിലൂടെ ത്രിമാന അനിമേഷന്‍ നിര്‍മാണത്തിലെ വിവിധ ഘട്ടങ്ങളായ മോഡലിങ്, ടെക്സ്റ്ററിങ്, ലൈറ്റിങ്, ക്യാമറ അറേഞ്ച്‌മെന്റ്, റിഗ്ഗിങ്, സൗണ്ട് മിക്‌സിങ് എന്നിവ കുട്ടികള്‍ വിശദമായി പരിചയപ്പെടും. ഗെയിമിങ്, അനിമേഷന്‍ രംഗത്ത് ആഗോളതലത്തില്‍ ശ്രദ്ധേയമായ ‘ബ്ലെന്‍ഡര്‍’ എന്ന സ്വതന്ത്ര അനിമേഷന്‍ സോഫ്റ്റ്വെയറാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. ശനിയാഴ്ച രാവിലെ പത്തിന് കൈറ്റ് സി.ഇ.ഒ കെ അന്‍വര്‍ സാദത്ത് ക്യാംപില്‍ കുട്ടികളുമായി സംവദിക്കും . ജില്ലയിലെ സ്‌കൂളുകള്‍ക്കുള്ള അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും തുടര്‍ന്ന് നടക്കും.

/**for adding 05-02-2026*/