
ലോക ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്കാരമായ ബാലൺദ്യോറിന് തനിക്ക് അർഹതയുണ്ടെന്ന് ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലമീൻ യമാൽ. താനും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുമാണ് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരെന്നും സ്ട്രീമിങ് പ്ലാറ്റ്ഫോമായ മൂവിസ്റ്റാർ പ്ലസിന് നൽകിയ അഭിമുഖത്തിൽ യമാൽ വ്യക്തമാക്കി. ഒക്ടോബർ 26-നാണ് ഈ വർഷത്തെ ബാലൺദ്യോർ ജേതാവിനെ പ്രഖ്യാപിക്കുന്നത്.
ഈ സീസീണിൽ തന്റെ വ്യക്തിഗത നേട്ടങ്ങളും ടീമിനായി നേടിയ കിരീടങ്ങളും പരിഗണിക്കുമ്പോൾ ബാലൺദ്യോർ തനിക്ക് അർഹമാണെന്ന് യമാൽ അഭിപ്രായപ്പെട്ടു. ഇതിന് മുന്നോടിയായി എംബാപ്പയും സമാനമായ പ്രതികരണം നടത്തിയിരുന്നു. 58 ഗോളുകളും 13 അസിസ്റ്റുകളും നേടി വ്യക്തിഗത പ്രകടനത്തിൽ താനാണ് മുന്നിലെന്നായിരുന്നു എംബാപ്പെയുടെ നിലപാട്.
സ്പെയിനിനായി ലോകകപ്പും ബാഴ്സലോണയ്ക്കായി ലാ ലിഗ, സൂപ്പർ കപ്പ് കിരീടങ്ങളും സ്വന്തമാക്കിയ യമാൽ 57 മത്സരങ്ങളിൽ നിന്ന് 25 ഗോളുകളും 20 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട റോഡ്രിയും സാധ്യതാ പട്ടികയിൽ പ്രമുഖ സ്ഥാനത്തുണ്ട്. ഇവരെക്കൂടാതെ പാവു കുബാർസി, ഫാബിയാൻ റൂയിസ്, മാർക്ക് കുക്കുറയ്യ, ഫെറാൻ ടോറസ് തുടങ്ങിയ സ്പാനിഷ് താരങ്ങളും പുരസ്കാരത്തിനായുള്ള പട്ടികയിലുണ്ട്.
