
ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ജിയാനി ഇൻഫാന്റിനോയ്ക്ക് വൻ തിരിച്ചടി. വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇൻഫാന്റിനോയെ പിന്തുണയ്ക്കില്ലെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി. ഇൻഫാന്റിനോയുടെ സമീപകാല തീരുമാനങ്ങൾ ഫുട്ബോളിന്റെ പ്രതിച്ഛായയ്ക്കും ഐക്യത്തിനും വിഘാതമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫിലിപ്പ് ഡിയാല്ലോ തങ്ങളുടെ നിലപാട് പരസ്യമാക്കിയത്.
കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇൻഫാന്റിനോയ്ക്കുള്ള പിന്തുണ പിൻവലിക്കാൻ ഫ്രാൻസ് തീരുമാനമെടുത്തത്. മുൻപ് പിന്തുണ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പിന്നീട് നടന്ന ഏകപക്ഷീയമായ തീരുമാനങ്ങൾ വിശ്വാസ്യത തകർത്തുവെന്ന് ഡിയാല്ലോ ആരോപിച്ചു. അമേരിക്കൻ താരം ഫോളാരിൻ ബലോഗണിന്റെ വിലക്ക് രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് പിൻവലിച്ചതും ലോകകപ്പിലെ നിക്ഷേപ പങ്കാളിത്തവുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ച സ്വകാര്യവൽക്കരണ പദ്ധതി വൻ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കേണ്ടി വന്നതും ഇൻഫാന്റിനോയ്ക്ക് തിരിച്ചടിയായി.
ഇംഗ്ലണ്ട്, വെയിൽസ് എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ ഇൻഫാന്റിനോയ്ക്കെതിരെ നിലപാടെടുത്തിരുന്നു. അടുത്തവർഷം മാർച്ചിൽ മൊറോക്കോയിൽ വെച്ചാണ് ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇൻഫാന്റിനോയ്ക്കെതിരെ ശക്തനായ മറ്റൊരു സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാൻ യുവേഫയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഫ്രാൻസ് പ്രഖ്യാപിച്ചിട്ടുണ്ട്.
