Home » Blog » Kerala » പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ
10

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഏകദേശം 20 മിനിറ്റോളം നീണ്ട ചർച്ചയിൽ സംസ്ഥാന വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പ്രധാനമായും പരിഗണിച്ചതായാണ് വിവരം. മുഖ്യമന്ത്രിയായതിന് ശേഷം പ്രധാനമന്ത്രിയുമായി വി.ഡി. സതീശൻ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീർഥത്തിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കേരളത്തിന്റെ വിവിധ വികസന പദ്ധതികൾക്ക് കേന്ദ്രസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച നടന്നതെന്നാണ് സൂചന. റെയിൽവേ വികസനം, തുറമുഖ പദ്ധതികൾ, എയിംസ് സ്ഥാപനം, മെട്രോ വികസനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായതായി അറിയുന്നു.

സംസ്ഥാനത്ത് നടപ്പാക്കാനിരിക്കുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പിന്തുണ ആവശ്യമായ സാഹചര്യത്തിൽ, ഈ കൂടിക്കാഴ്ചയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഉച്ചയ്ക്ക് ശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. തുടർന്ന് നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചർച്ച നടത്താനാണ് തീരുമാനം. കൂടിക്കാഴ്ചകൾ പൂർത്തിയാക്കിയ ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം.