ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ തോൽവിക്ക് പിന്നാലെ അർജന്റീനയുടെ തലയിലായത് നാണക്കേടിന്റെ റെക്കോർഡാണ്. കഴിഞ്ഞ 60 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ, ഫൈനൽ മത്സരത്തിൽ എതിരാളികളുടെ ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഓൺ-ടാർഗെറ്റ് ഷോട്ട് പോലും ഉതിർക്കാൻ കഴിയാത്ത ഏക ടീമെന്ന മോശം റെക്കോർഡാണ് അർജന്റീനയെ തേടിയെത്തിയത്. 1966 മുതൽ ഔദ്യോഗികമായി ഡാറ്റകൾ രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷം ഇത്തരത്തിലുള്ള മോശം പ്രകടനം അർജന്റീന ആവർത്തിക്കുന്നത് ഇത് മൂന്നാം തവണയാണ്.
2026-ലെ ഫൈനലിൽ സ്പെയിനിനെതിരെ 120 മിനിറ്റ് നീണ്ട പോരാട്ടത്തിലും സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിനെ പരീക്ഷിക്കാൻ പോന്ന ഒരു ഷോട്ട് പോലും അർജന്റീനൻ മുന്നേറ്റനിരയ്ക്ക് സൃഷ്ടിക്കാൻ സാധിച്ചില്ല. ലയണൽ മെസിയും ജൂലിയൻ അൽവാരസുമടങ്ങുന്ന വമ്പൻ നിരയുണ്ടായിട്ടും സ്പാനിഷ് ബോക്സിൽ കാര്യമായ ചലനമുണ്ടാക്കാൻ ടീമിനായില്ല. ഫൗളുകൾ കൊണ്ട് സ്പാനിഷ് പടയെ തടയാൻ ശ്രമിച്ച അർജന്റീന, ആക്രമണത്തിൽ പൂർണ പരാജയമായി മാറുകയായിരുന്നു.
ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഇതിനുമുമ്പും സമാനമായ നിരാശകൾ അർജന്റീനയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 1990-ലെ ലോകകപ്പിൽ പശ്ചിമ ജർമ്മനിക്കെതിരെ 1-0 ന് തോറ്റ മത്സരത്തിലും, 2014-ൽ ജർമ്മനിക്കെതിരെ എക്സ്ട്രാ ടൈമിൽ 1-0 ന് കിരീടം കൈവിട്ട മത്സരത്തിലും ടീമിന് ലക്ഷ്യത്തിലേക്ക് ഷോട്ടുകൾ ഉതിർക്കാൻ സാധിച്ചിരുന്നില്ല. ഫൈനലിൽ മറ്റൊരു വമ്പൻ ടീമും ഇതുപോലെ എതിരാളികൾക്ക് മുന്നിൽ നിരായുധരായി മാറിയിട്ടില്ല എന്നതാണ് വസ്തുത.
കളിക്കളത്തിലെ കണക്കുകളിലും സ്പെയിൻ വലിയ ആധിപത്യമാണ് പുലർത്തിയത്. സ്പെയിൻ 11 ഷോട്ടുകൾ ടാർഗറ്റിലേക്ക് ഉതിർത്തപ്പോൾ, അർജന്റീനയുടെ പേരിലുണ്ടായിരുന്നത് എക്സ്ട്രാ ടൈമിൽ തൊടുത്ത മൂന്ന് ഷോട്ടുകൾ മാത്രമാണ്. വിജയകരമായ 803 പാസുകളും 68 ശതമാനം പന്തടക്കവും സ്വന്തമാക്കിയ സ്പെയിനിന് മുന്നിൽ അർജന്റീന തികച്ചും നിസ്സഹായരായി. എമി മാർട്ടിനസിന്റെ അവിശ്വസനീയമായ 11 സേവുകൾ മാത്രമാണ് വലിയൊരു തകർച്ചയിൽ നിന്നും അർജന്റീനയെ രക്ഷിച്ചത്.
ഒടുവിൽ മത്സരത്തിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിൽ സ്പെയിൻ അർഹിച്ച കിരീടം സ്വന്തമാക്കുകയായിരുന്നു. മുന്നേറ്റനിര പൂർണ്ണമായും പരാജയപ്പെട്ടതും സ്പാനിഷ് പ്രതിരോധത്തിന് മുന്നിൽ മെസിയും സംഘവും നിഷ്പ്രഭമായതും അർജന്റീനിയൻ ആരാധകരെ ഒരുപോലെ നിരാശയിലാഴ്ത്തി.
