പേരാമ്പ്രയിൽ നടന്ന പോലീസ് നടപടി ആസൂത്രിതമായ അതിക്രമമാണെന്നും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും യുഡിഎഫ് എം.പി. ഷാഫി പറമ്പിൽ ആരോപിച്ചു. ഈ അതിക്രമത്തിലൂടെ ശബരിമലയിലെ സ്വർണക്കൊള്ളക്കേസ് ഉൾപ്പെടെയുള്ള വിവാദങ്ങളിൽനിന്ന് പൊതുശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തൻ്റെ നേർക്ക് ആക്രമണം നടത്തിയത് അഭിലാഷ് ഡേവിഡ് എന്ന പോലീസ് ഉദ്യോഗസ്ഥനാണെന്ന് ഷാഫി പറമ്പിൽ തുറന്നടിച്ചു. ഇയാൾ വടകര കൺട്രോൾ റൂം സി.ഐയാണ്. ഗുണ്ടാ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16-ന് പിരിച്ചുവിട്ട മൂന്ന് പോലീസുകാരിൽ ഒരാളാണ് അഭിലാഷ് ഡേവിഡ് എന്ന ഗുരുതര ആരോപണവും എം.പി ഉന്നയിച്ചു. എന്നിട്ടും ഇയാൾ സർവീസിൽ തുടരുന്നു.
ഡിവൈഎസ്പി ഹരിപ്രസാദ് കയ്യിൽ ഗ്രനേഡ് കരുതിയത് എന്തിനാണെന്നും, ലാത്തി ചാർജ് ഉണ്ടായില്ലെന്ന് എസ്.പി വ്യാജപ്രചാരണം നടത്തിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. പോലീസ് സംഘർഷം ഒഴിവാക്കാനല്ല ശ്രമിച്ചതെന്നതിന് തൻ്റെ പക്കൽ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് തൻ്റെ ആരോഗ്യ വിവരങ്ങൾ തിരക്കിയ എല്ലാവർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
