Home » Blog » Kerala » പൊതുവഴികൾ തടസ്സപ്പെടുത്തിയുള്ള പ്രാർത്ഥനകൾക്ക് വിലക്ക്; യു.പിയിൽ പുതിയ ക്രമീകരണങ്ങളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
YOGI-680x450

പൊതുനിരത്തുകളിൽ നമസ്‌കാരം നടത്തുന്ന കാര്യത്തിൽ കർശന നിലപാടുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ആവശ്യമെങ്കിൽ ആളുകൾ ഷിഫ്റ്റുകളായി (മാറിമാറി) പ്രാർത്ഥിക്കണമെന്നും പൊതുജനങ്ങൾക്കുള്ള റോഡുകൾ നമസ്‌കാരത്തിനായി തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം തിങ്കളാഴ്ച വ്യക്തമാക്കി. ഒരു മാധ്യമസംഘം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഉത്തർപ്രദേശിൽ ഇനി ഇത്തരം കാര്യങ്ങൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കർശനമായി പ്രഖ്യാപിച്ചത്.

 

“ഉത്തർപ്രദേശിൽ ആളുകൾ റോഡുകളിൽ നമസ്‌കരിക്കാറില്ലേ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്നാൽ യുപിയിൽ ഇപ്പോൾ അത് സംഭവിക്കുന്നില്ല എന്ന് ഞാൻ വ്യക്തമായി പറയുന്നു. റോഡുകൾ ജനങ്ങൾക്ക് സഞ്ചരിക്കാനുള്ളതാണ്. ഏതെങ്കിലും ഒരു കവലയിൽ വന്ന് ഗതാഗതം തടസ്സപ്പെടുത്താൻ ആർക്കെങ്കിലും എന്തവകാശമാണുള്ളത്?” യോഗി ആദിത്യനാഥ് ചോദിച്ചു. പ്രാർത്ഥിക്കാൻ ആളുകളുടെ എണ്ണം കൂടുതലാണെന്ന് ചൂണ്ടിക്കാണിച്ചവരോട്, ഷിഫ്റ്റുകളായി പ്രാർത്ഥന നടത്താനാണ് തങ്ങൾ നിർദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട്ടിൽ സ്ഥലമില്ലെങ്കിൽ അതിനനുസരിച്ച് ആളുകളുടെ എണ്ണം ക്രമീകരിക്കണമെന്നും അനാവശ്യമായി റോഡുകളിൽ തിരക്ക് വർദ്ധിപ്പിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

 

മതപരമായ പ്രാർത്ഥനകൾ തടയില്ലെന്നും എന്നാൽ അത് പൊതുവഴികളിൽ നടത്താൻ അനുവദിക്കില്ലെന്നുമാണ് യോഗി സർക്കാരിന്റെ നയം. നിയമവാഴ്ച എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും പൊതു ഇടങ്ങൾ ദുരുപയോഗം ചെയ്യാൻ ആർക്കും കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പൊതു ഇടങ്ങൾ മതപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെച്ചൊല്ലി രാജ്യത്ത് രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് യുപി മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന.