ആലപ്പുഴ: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലെന്ന് സിപിഐ നേതാവും എംഎൽഎയുമായ പി പ്രസാദ്. ഇത് തികച്ചും ന്യായമായ ആവശ്യമാണ്. സിപിഐ ഒരു കാലത്തും അന്യായമായതോ, അനാവശ്യമായതോ ആയ കാര്യം ഇടതുപക്ഷ മുന്നണി മുൻപാകെ ഉന്നയിച്ചിട്ടില്ല. പക്ഷെ ഉപനേതാവ് പദവി സിപിഐക്ക് ലഭിക്കേണ്ടതാണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എൽഡിഎഫാണ്. കൂടിയാലോചനകളിലൂടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി പ്രസാദ് പ്രതികരിച്ചു.
അതുപോലെ പി കൃഷ്ണപിള്ള സ്മാരകത്തിനായി അനുവദിച്ച ഭൂമി സർക്കാർ തിരിച്ചെടുത്തത് ഏറ്റവും മോശമായ തീരുമാനമാണെന്ന് പി പ്രസാദ് പറഞ്ഞു. ‘പി കൃഷ്ണപിള്ള’ എന്ന പേരാണോ യുഡിഎഫിന് പ്രശ്‌നമെന്ന് പി പ്രസാദ് ചോദിച്ചു. നടപടി രാഷ്ട്രീയ വിവേചനമാണ്. പി കൃഷ്ണപിള്ള സാംസ്‌കാരിക കേന്ദ്രം അനിവാര്യമായ പദ്ധതിയാണ്. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക മന്ത്രിക്ക് കത്ത് നൽകുമെന്നും പി പ്രസാദ് വ്യക്തമാക്കി.
അതേസമയം, വലിയചുടുകാട്ടിലെ സിപിഐ- സിപിഎം അവകാശ തർക്കത്തിലും പി പ്രസാദ് പ്രതികരിച്ചു. ആത്യന്തികമായി രക്തസാക്ഷികളുടെ മണ്ണാണ് അത് . ആ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുക എന്നത് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ആഗ്രഹമാണ്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് സ്മാരകം വേണമെന്ന് സിപിഐഎമ്മും ടി വി തോമസിന് സ്മാരകം വേണമെന്ന് സിപിഐയും ആഗ്രഹിച്ചിരുന്നു. ഇരു പാർട്ടികളും ആലോചിച്ചാണ് തീരുമാനമെടുത്തത്. രണ്ടു പാർട്ടികളും കൂടി എടുത്ത തീരുമാനത്തിൽ ഔചിത്യ കുറവില്ലെന്നും പി പ്രസാദ് കൂട്ടിച്ചേർത്തു.
