പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടഞ്ഞുനിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള നിർണായക ചർച്ചകൾ ആലപ്പുഴ ഗസ്റ്റ് ഹൗസിൽ വെച്ച് നടന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലാണ് കൂടിക്കാഴ്ച പൂർത്തിയാക്കിയത്.
ഈ കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനമായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാൻ സിപിഐ ആലോചിക്കുന്നുണ്ട്. പിഎം ശ്രീ കരാറിൽ നിന്ന് സർക്കാർ പിന്മാറുന്നത് വരെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് പാർട്ടി കടന്നേക്കുമെന്നാണ് സൂചന. പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിൽ ധാരണയായത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾക്ക് ശേഷം സിപിഐ സെക്രട്ടറിയേറ്റ് ചേർന്ന് തുടർ നടപടികൾ തീരുമാനിക്കും. സിപിഐഎമ്മിന്റെ ഇപ്പോഴത്തെ സമീപനം തൃപ്തികരമല്ലെന്ന് നേതൃത്വം എക്‌സിക്യൂട്ടീവിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഐഎം. സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയം ചർച്ച ചെയ്ത ശേഷമാണ് സിപിഐഎം ഈ നിലപാടിലെത്തിയത്. എന്നാൽ, തുടർന്നുള്ള നടപടികളിൽ തിടുക്കം കാണിക്കേണ്ടതില്ലെന്ന് സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പദ്ധതി നടപ്പാക്കേണ്ട സ്കൂളുകളുടെ പട്ടിക ഉടൻ കൈമാറില്ലെന്നും, മേൽനോട്ട സമിതിയെ നിയോഗിക്കുമെന്നും സിപിഐഎം അറിയിച്ചു. ഉടൻ തന്നെ എൽഡിഎഫ് യോഗം വിളിച്ചുചേർക്കാനും എൽഡിഎഫ് യോഗത്തിന് ശേഷം സബ് കമ്മിറ്റി ഉൾപ്പെടെ തീരുമാനിക്കാനും സെക്രട്ടറിയേറ്റിൽ തീരുമാനമായി.
