കൂടിയാലോചനയില്ലാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ സിപിഐക്ക് കടുത്ത അതൃപ്തി. മുന്നണി മര്യാദയുടെ ലംഘനമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.തങ്ങളുടെ എതിർപ്പിനെ മുഖവിലക്കെടുക്കാതെ വിവാദ പദ്ധതിയിൽ ഒപ്പുവെച്ചത് കടുത്ത അവഗണനയെന്നാണ് സിപിഐ വിലയിരുത്തൽ.
ബിനോയ് വിശ്വം നാളെ മാധ്യമങ്ങളെ കാണുന്നുണ്ട്. സിപിഐയുടെ അടുത്ത നീക്കം പാർട്ടി സെക്രട്ടറി നാളെ വിശദീകരിക്കും. സിപിഐ സെക്രട്ടറിയേറ്റ് അടിയന്തര യോഗവും നാളെ ചേരും. ഓൺലൈനായിട്ടാവും യോഗം ചേരുക.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിക്കെതിരെ തെരുവിൽ സമരത്തിന് എഐഎസ്എഫ്. സർക്കാർ നടപടി വഞ്ചനാപരമായ നിലപാട് എന്നാണ് എഐഎസ്എഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ തുറന്നടിച്ചത്. ഇന്ന് രാത്രി ഓൺലൈനായി അടിയന്തര നേതൃയോഗം വിളിച്ച എഐഎസ്എഫ് സമരനടപടികൾ എങ്ങനെ വേണമെന്നതിൽ ചർച്ച നടത്തും. ഇടത് മുന്നണിയുടെ പ്രഖ്യാപിതനയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാനാകുമെന്ന് വിദ്യാഭ്യാസമന്ത്രി കരുതേണ്ടെന്നും എഐഎസ്എഫ് മുന്നറിയിപ്പ് നൽകുന്നു.
മൂന്നു വർഷമായി തുടരുന്ന എതിർപ്പ് മാറ്റിവച്ചാണ് കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’ (പ്രധാൻ മന്ത്രി സ്‌കൂൾസ് ഫോർ റൈസിങ് ഇന്ത്യ) നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. പദ്ധതിയിൽ ചേർന്നാൽ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും എന്നതായിരുന്നു കേരളം അടക്കം പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിർപ്പിനു മുഖ്യ കാരണം. കേരളം, തമിഴ്‌നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഒഴികെ 33 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. പദ്ധതിയിൽ സംസ്ഥാനം ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ട് വിഹിതം അനുവദിക്കാതെ കേന്ദ്രം സാമ്പത്തിക ഉപരോധം കടുപ്പിച്ചതോടെയാണു കേരളം വഴങ്ങിയത്.
രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്താകെ 14,500 പിഎം ശ്രീ വിദ്യാലയങ്ങളുടെ വികസനമാണ് വിഭാവനം ചെയ്യുന്നത്. 27,360 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതിൽ 18,128 കോടി കേന്ദ്രവിഹിതവും 9,232 കോടി സംസ്ഥാനങ്ങളുടെ വിഹിതവുമാണ്. ഒരു ബ്ലോക്ക് റിസോഴ്‌സ് സെന്ററിനു (ബിആർസി) കീഴിൽ പരമാവധി 2 സ്‌കൂളുകൾക്കാണ് (ഒരു പ്രൈമറി സ്‌കൂളും ഒരു സെക്കൻഡറി സ്‌കൂളും) പദ്ധതിയിൽ ഇടം ലഭിക്കുക. കേരളം പദ്ധതിയിൽ പങ്കാളിയായാൽ ഗുണം ലഭിക്കുക 168 ബിആർസികളിലായി പരമാവധി 336 സ്‌കൂളുകൾക്കാണ്. ഈ സ്‌കൂളുകൾക്കു പ്രതിവർഷം 85 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വിവിധ പദ്ധതികൾക്കു ലഭിക്കും. ഇതിൽ 60% കേന്ദ്രവിഹിതവും 40% സംസ്ഥാനവിഹിതവുമാ
