Home » Blog » kerala Max » പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്
20

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്. ആഭേ, ജുനൈദ് കുമാർ എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ഗാനം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ആണ് പുറത്തു വന്നിരിക്കുന്നത്. ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് രാജീവ് എൻ കൃഷ്ണയും, ഗാനം ആലപിച്ചത് അരുണ മേരി ജോർജുമാണ്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.

ഭക്തി, വിശ്വാസം, പ്രതിരോധം എന്നീ വിഷയങ്ങളിലൂടെ പ്രേക്ഷകരുമായി ആഴത്തിൽ സംവദിക്കാനാണ് ഈ ഗാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഹിന്ദുമതത്തിലെ ആദരണീയനായ ദേവനായ നാരായണനെ ആഘോഷിക്കുന്ന ഗാനമായാണ് “നമോ രേ” ഒരുക്കിയിരിക്കുന്നത്. പരമ്പരാഗതവും സമകാലികവുമായ സംഗീത ശൈലികൾ സംയോജിപ്പിച്ച് ആണ് ജുനൈദ് കുമാറും ആഭെയും ഈ ഗാനം സൃഷ്ടിച്ചിരിക്കുന്നത്. രാജീവ് എൻ കൃഷ്ണയുടെ വരികൾ, ആഴത്തിലുള്ള ആത്മീയത ഉളവാക്കുകയും വ്യക്തിപരമായ വിശ്വാസത്തെയും ദൈവിക ബന്ധത്തെയും പ്രതിഫലിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അരുണ മേരി ജോർജിന്റെ ശബ്ദം ഈ ഗാനത്തിന്റെ വൈകാരികമായ ആഴം വർദ്ധിപ്പിക്കുന്നുണ്ട്.

ഗണേഷ് ആചാര്യയുടെയും ശ്രാസ്തി വർമ്മയുടെയും മികച്ച നൃത്തസംവിധാനമാണ് ഈ ഗാനത്തിന്റെ പ്രധാന ആകർഷണം. വിവിധ ഇന്ത്യൻ നൃത്ത രൂപങ്ങൾ അവതരിപ്പിക്കുന്ന, ഏകദേശം 1,000 നർത്തകർ പങ്കെടുക്കുന്ന ഈ ഗാനം, ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം ആഘോഷിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അശോക് കുമാറിൻ്റെ ഗംഭീര സെറ്റ് ഡിസൈനും സൗന്ദർ രാജൻ്റെ ഛായാഗ്രഹണവും നമോ രേയുടെ ദൃശ്യ ഭംഗിയെ ഉയർത്തുന്നുണ്ട്. ഒരു ഗാനം എന്നതിലുപരി, സ്നേഹം, ഭക്തി, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു സാംസ്കാരിക ആഘോഷമാണ് “നമോ രേ”.

ബ്രഹ്മാണ്ഡ സെറ്റുകളിൽ, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെ ആണ് ആത്മീയമായ പ്രാധാന്യമുള്ള ഈ കഥ വെള്ളിത്തിരയിൽ ഒരുക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, പുരി ജഗന്നാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകർഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ 2026 സമ്മർ റിലീസായി എത്തും.