തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഗൗരവകരമായ സ്വയംവിമർശനവുമായി സി.പി.എം സംസ്ഥാന നേതൃത്വം. പരാജയകാരണങ്ങൾ ചർച്ച ചെയ്യാൻ ശനിയാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ശബരിമല സ്വർണക്കൊള്ള വിവാദവും സൈബർ വിഭാഗത്തിന്റെ പരാജയവും ഉൾപ്പെടെയുള്ള കാര്യങ്ങൾ കടുത്ത വിമർശനത്തിന് വിധേയമായി.
ശബരിമല വിവാദവും പാരഡി ഗാനവും
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പ്രതിപക്ഷം പ്രചാരണായുധമാക്കിയത് തിരിച്ചടിയായി. പത്മകുമാറിനെതിരെയുള്ള നടപടി വൈകിയത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകി. ഈ വിഷയത്തിൽ പുറത്തിറങ്ങിയ പാരഡി ഗാനം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ അത് പ്രതിരോധിക്കാൻ പാർട്ടി സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല.
സൈബർ വിഭാഗത്തിന്റെ പരാജയം
പാർട്ടിയുടെ സൈബർ വിംഗ് അമ്പേ പരാജയപ്പെട്ടെന്നാണ് വിലയിരുത്തൽ. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനോ പ്രതിപക്ഷത്തിന്റെ സോഷ്യൽ മീഡിയ പ്രചാരണങ്ങളെ നേരിടാനോ ഇവർക്ക് സാധിച്ചില്ല. ജനമനസ്സറിഞ്ഞുള്ള പ്രചാരണത്തിൽ പ്രതിപക്ഷം ഏറെ മുന്നിലെത്തിയെന്നും യോഗം വിലയിരുത്തി
ന്യൂനപക്ഷ ധ്രുവീകരണം
ലോക്സഭാ തിരഞ്ഞെടുപ്പിന് സമാനമായി വടക്കൻ മലബാറിലും എറണാകുളം പോലുള്ള ജില്ലകളിലും മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടന്ന ന്യൂനപക്ഷ കേന്ദ്രീകരണം എൽ.ഡി.എഫ് വോട്ടുകളെ ബാധിച്ചു. സർക്കാരിനെതിരെ പൊതുവായ ഭരണവിരുദ്ധ വികാരം ഇല്ലെങ്കിലും, ദീർഘകാലം ഒരേ തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കുന്നത് പ്രാദേശികമായി വോട്ടർമാരിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
തിരിച്ചുവരവിനുള്ള കർമപദ്ധതി
തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിയിലേക്ക് മറിഞ്ഞത് രാഷ്ട്രീയ വിഷയമായി ഉയർത്തിക്കാട്ടാനാണ് സി.പി.എം തീരുമാനം. വോട്ടർ പട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കിയതുൾപ്പെടെയുള്ള വിഷയങ്ങൾ വരുംദിവസങ്ങളിൽ പാർട്ടി ചർച്ചയാക്കും. രണ്ടു മാസത്തിനുള്ളിൽ സംഘടനാപരമായ വീഴ്ചകൾ പരിഹരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് സജ്ജമാകാനുള്ള കർമപദ്ധതിയും തയ്യാറാക്കും. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച എൽ.ഡി.എഫ് യോഗവും ചേരുന്നുണ്ട്.
