Home » Blog » Kerala » പാചകവാതക, വ്യോമയാന ഗതാഗത പ്രതിസന്ധി; സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും അടിയന്തരമായ ഇടപെടൽ ആവശ്യപ്പെട്ട് ഇമാക്
24

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ പാചകവാതക, വ്യോമയാന ഗതാഗത പ്രതിസന്ധി സംസ്ഥാനത്തെ ഇവന്റ് മാനേജ്‌മെന്റും അതുമായി ബന്ധപ്പെട്ട മേഖലകളെയും ബാധിക്കപ്പെട്ടതിൽ സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും അടിയന്തരമായ ഇടപെടൽ ആവശ്യപ്പെട്ട് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള (ഇമാക്). വിവാഹ സീസണും കോർപ്പറേറ്റ് കോൺഫറൻസുകളും സജീവമാകുന്ന ഈ സമയത്ത് നിലവിലെ സാഹചര്യം മേഖലയെ തകർക്കുന്ന അവസ്ഥയിലാണെന്ന് അസോസിയേഷൻ പറഞ്ഞു.

ഏതൊരു പരിപാടികളിലെയും പ്രധാന ഘടകം ഭക്ഷണമാണ്. അതിനു ആവശ്യമായ പാചകവാതകം നിലവിൽ ലഭ്യമാകാത്തതിനാൽ ഇവന്റുകൾ പലതും റദ്ദാക്കപ്പെടുകയാണ്. കേരളത്തിൽ അടുത്തിടെയായി വർധിച്ചുവരുന്ന ഒന്നാണ് ഡെസ്റ്റിനേഷൻ വെഡിങ്. നിലവിൽ വിമാന സർവീസുകൾ പലതും റദ്ദാക്കപ്പെടുകയും വിമാനടിക്കറ്റുകൾക്ക് വർധനയും അത്തരം സാധ്യതകളെയും ബാധിച്ചു. കേരളത്തിൽ ഇവന്റുകൾ നടത്താൻ താല്പര്യപെടുന്ന പുറത്തുള്ളവരും ഇതിൽ നിന്ന് പിന്മാറാനും കാരണമാകുന്നുണ്ട്. ഈ പ്രതിസന്ധികൾ കാരണം കേരളത്തിൽ ഇവന്റ് വ്യവസായവുമായി ബന്ധപ്പെട്ട് നിൽക്കുന്ന മൂന്നു ലക്ഷം തൊഴലാളികളുടെ ഉപജീവനമാർഗ്ഗത്തെ ബാധിച്ചിരിക്കുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ, സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും വിവിധ രാഷ്ട്രീയപാർട്ടികളുടെയും അടിയന്തര ശ്രദ്ധ കൊണ്ടുവരണമെന്നും പെട്ടന്നുള്ള നടപടികളും പരിഹാരങ്ങളും ഉണ്ടാവണമെന്നും ഇമാക് ആവശ്യപ്പെട്ടു. ഇമാക് സ്റ്റേറ്റ് പ്രസിഡന്റ് രാജു കണ്ണമ്പുഴ, ജനറൽ സെക്രട്ടറി ബഹന്നാൻ കെ. അരീക്കൽ, ട്രഷറർ പ്രവീൺ ചന്ദ്രൻ എന്നിവർ അരൂക്കുറ്റി ക്ലബ് മഹീന്ദ്രയിൽ ചേർന്ന ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ സ്റ്റേറ്റ് ജനറൽ ബോഡി യോഗത്തിലാണ് നിലവിലെ സാഹചര്യം വിലയിരുത്തി ആവശ്യങ്ങളുന്നയിച്ചത്.