റാവൽപിണ്ടി: പാകിസ്താനും താലിബാൻ ഭരണകൂടവും തമ്മിലുള്ള സംഘർഷം തുറന്ന പോരാട്ടത്തിലേക്ക്. കാബൂളിൽ വ്യോമാക്രമണം നടത്തിയതിന് മറുപടിയായി പാകിസ്താന്റെ തന്ത്രപ്രധാനമായ വ്യോമതാവളത്തിൽ താലിബാൻ ഡ്രോൺ ആക്രമണം നടത്തി. പാകിസ്താനിലെ റാവൽപിണ്ടിയിലുള്ള നൂർ ഖാൻ വ്യോമതാവളത്തിലാണ് താലിബാൻ ആക്രമണം നടത്തിയത്. വ്യോമതാവളത്തിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആക്രമണത്തിൽ നൂർ ഖാൻ വ്യോമതാവളം തകർന്നിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കെയാണ് താലിബാൻ ഡ്രോൺ ആക്രമണം നടത്തിയത്.
നൂർ ഖാൻ വ്യോമതാവളത്തിന് പുറമെ, ക്വറ്റയിലെ പന്ത്രണ്ടാം ഡിവിഷൻ ആസ്ഥാനം, ഖൈബർ പഖ്തുൻഖ്വയിലെ മോമണ്ട് ഏജൻസിയിലുള്ള ഖ്വാസായ് ക്യാമ്പ് എന്നിവിടങ്ങളിലും താലിബാൻ ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ അഫ്ഗാൻ പ്രതിരോധ മന്ത്രാലയം എക്സ് ഹാൻഡിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം, താലിബാൻ അയച്ച ഡ്രോൺ വെടിവെച്ചിട്ടുവെന്നാണ് പാകിസ്താന്റെ വാദം. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കം. കിഴക്കൻ അഫ്ഗാൻ നഗരമായ ജലാലാബാദിൽ പാകിസ്താന്റെ യുദ്ധവിമാനം വെടിവെച്ചിട്ടതായും പാരച്യൂട്ട് വഴി രക്ഷപ്പെട്ട പൈലറ്റിനെ ജീവനോടെ പിടികൂടിയതായും താലിബാൻ അവകാശപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ അഫ്ഗാനിസ്ഥാനും പാകിസ്താനും തമ്മിലുള്ള സംഘർഷം മറ്റൊരു തലത്തിലേയ്ക്കാണ് നീങ്ങുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധത്തിലാണെന്നാണ് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പ്രഖ്യാപിച്ചിരിക്കുന്നത്. സമീപ വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റവും വലിയ സൈനിക നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
