കുവൈത്ത്: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾ ഏഷ്യയിലെയും പസഫിക് മേഖലയിലെയും വികസ്വര സമ്പദ്വ്യവസ്ഥകൾക്ക് കനത്ത വെല്ലുവിളിയാകുമെന്ന് ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (എഡിബി). ബാങ്കിന്റെ ഏറ്റവും പുതിയ ‘ഏഷ്യൻ ഡവലപ്മെന്റ് ഔട്ട്ലുക്ക്’ റിപ്പോർട്ടിലാണ് ഈ ആശങ്കാജനകമായ മുന്നറിയിപ്പുള്ളത്. ഊർജ സുരക്ഷ, വിദേശ വ്യാപാരം, വിദേശത്തുനിന്നുള്ള പണമയയ്ക്കൽ, നിക്ഷേപകരുടെ ആത്മവിശ്വാസം എന്നിവയെ ഈ സംഘർഷം നേരിട്ട് ബാധിക്കുമെന്നും റിപ്പോർട്ട് അടിവരയിടുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള ആകെ പണമൊഴുക്കിന്റെ 40 ശതമാനത്തോളം ഗൾഫ് രാജ്യങ്ങളിൽ നിന്നായതിനാൽ, മേഖലയിലെ ഏത് അസ്ഥിരതയും ദരിദ്ര-വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക അടിത്തറ തകർക്കുമെന്നാണ് വിലയിരുത്തൽ.
2026 ഫെബ്രുവരിയിൽ സംഘർഷം രൂക്ഷമായതോടെ ആഗോള സാമ്പത്തിക രംഗത്ത് വൻ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ഇതിനകം തന്നെ പല ഏഷ്യൻ രാജ്യങ്ങളും പണമയയ്ക്കലിലെ കുറവ്, മന്ദഗതിയിലുള്ള വ്യാപാര വളർച്ച, തളർന്ന സാമ്പത്തിക സാഹചര്യങ്ങൾ എന്നിവ നേരിടുന്നുണ്ട്. സംഘർഷം നീണ്ടുനിൽക്കുന്നത് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരാനും ടൂറിസം മേഖലയിൽ ഇടിവുണ്ടാകാനും കാരണമാകും. ഊർജ വിലയിലെ വർധനവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും നിക്ഷേപ പ്രശ്നങ്ങളും പ്രാദേശിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് എഡിബി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മേഖലയിലെ സാമ്പത്തിക വളർച്ചാനിരക്ക് 2025-ലെ 5.4 ശതമാനത്തിൽ നിന്നും 2026-ലും 27-ലും 5.1 ശതമാനമായി കുറയുമെന്നാണ് നിലവിലെ പ്രവചനം. എന്നാൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ 2026 മൂന്നാം പാദത്തിലും തുടരുകയാണെങ്കിൽ വളർച്ചാനിരക്ക് 4.7 ശതമാനത്തിലേക്ക് കൂപ്പുകുത്തും. അതിലുപരിയായി, 2027-ന്റെ തുടക്കത്തിൽ ഗൾഫ് ഊർജ ഉൽപ്പാദനത്തിലോ കപ്പൽ ഗതാഗത പാതകളിലോ വലിയ തടസ്സങ്ങൾ ഉണ്ടായാൽ വളർച്ചയിൽ വീണ്ടും 1.3 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് എഡിബി മുന്നറിയിപ്പ് നൽകുന്നു. വികസ്വര രാജ്യങ്ങൾ വരും വർഷങ്ങളിൽ നേരിടേണ്ടി വരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയാണ് ഈ റിപ്പോർട്ട് നൽകുന്നത്.
