കുഞ്ചാക്കോ ബോബനെ നായകനാക്കി പ്രശസ്ത എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഉന്മാദം’ എന്ന ചിത്രം ജൂലൈ 31-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നതുമുതൽ ശ്രദ്ധ നേടിയ പല്ലിയെക്കുറിച്ചുള്ള ചോദ്യത്തിന് കുഞ്ചാക്കോ ബോബൻ നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സ്പൈഡർമാന് എട്ടുകാലി കടിച്ചപ്പോൾ പവർ കിട്ടിയതുപോലെ പല്ലി കടിച്ചപ്പോൾ എന്തെങ്കിലും പവർ കിട്ടിയോ എന്ന യൂട്യൂബറുടെ ചോദ്യത്തിന് “വാല് മാത്രമേ കിട്ടിയുള്ളൂ” എന്നായിരുന്നു ചാക്കോച്ചന്റെ മറുപടി.
അതേസമയം, ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ ‘അകലെ…’, ‘എറുന്നോ…’ എന്നീ ഗാനങ്ങളും ശ്രദ്ധേയമായ ട്രെയിലറും സിനിമയ്ക്കായുള്ള പ്രേക്ഷകരുടെ ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമായ ചിത്രത്തിൽ തീർത്തും വേറിട്ടൊരു പോലീസ് കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്.
ഒരു പോലീസ് സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. ദേശീയ പുരസ്കാര ജേതാവ് ഷാഹി കബീറും കുഞ്ചാക്കോ ബോബനും ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്.
